ആറന്മുള:ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് പമ്പയാറ്റിൽ നടക്കും. ആദ്യം എ ബാച്ചിലെ വള്ളങ്ങളുടെ മത്സരവള്ളംകളിയും, അതിനുശേഷം ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ്. പരപ്പുഴ കടവുമുതൽ സത്രക്കടവുവരെയാണ് മത്സരവള്ളംകളി.The historic Aranmula Uthratathi Jal Mela will be held at Pambayat on Wednesday at 1 PM
വള്ളംകളിക്കുമുൻപ് ജലഘോഷയാത്രയുണ്ടാകും. രണ്ടുപതിറ്റാണ്ടിനുശേഷം 52 പള്ളിയോടങ്ങളും പങ്കെടുക്കുന്ന ജലഘോഷയാത്രയാവും ഇക്കുറി ഉണ്ടാവുക.
രാവിലെ 9.30-ന് ആറന്മുള ക്ഷേത്രത്തിൽനിന്ന് ഘോഷയാത്ര സത്രക്കടവിൽ എത്തിയശേഷം ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.
കേന്ദ്ര ടെക്സ്‌െറ്റെൽസ് വകുപ്പുമന്ത്രി ഗിരിരാജ് സിങ്, കേന്ദ്ര ഫിഷറീസ്-ന്യൂനപക്ഷ വകുപ്പുമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വീണാ ജോർജ്, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, മുഹമ്മദ് റിയാസ്, പി.പ്രസാദ്, വി.എൻ.വാസവൻ, എം.പി.മാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ അതിഥികളായെത്തും.
ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ ടൈമിങ് അടിസ്ഥാനത്തിലാണ് ഇത്തവണ ഉത്രട്ടാതി വള്ളംകളി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 52 കരകളെ പ്രതിനിധാനംചെയ്ത് 52 പള്ളിയോടം ജലഘോഷയാത്രയിലും 50 പള്ളിയോടം മത്സരവള്ളംകളിയിലും പങ്കെടുക്കും. എ ബാച്ചിൽ 35 പള്ളിയോടവും ബി ബാച്ചിൽ 17 പള്ളിയോടവുമാണ്.