കോഴിക്കോട്: പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധു ക്രൂരമായ പീഡനത്തിനിരയായ കേസിൽ പ്രതി രാഹുൽ പി. ഗോപാലിനെ രാജ്യംവിടാൻ സഹായിച്ച പൊലീസുകാരനെതിരെ അച്ചടക്ക നടപടി. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ശരത് ലാലിനെയാണ് സസ്പെൻഡ് ചെയ്യാൻ കമീഷണറാണ് ശിപാർശ നൽകിയത്. ജർമനിയിലേക്ക് കടക്കാൻ രാഹുലിനെ ബംഗളൂരുവിലെത്തിക്കാൻ സഹായിച്ചതും, പ്രതിക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത് ചോർത്തിനൽകിയതും ശരത്താണ്.
അന്വേഷണത്തിലെ നിർണായക വിവരങ്ങൾ ശരത് ലാൽ രാഹുലിന് ചോർത്തിനൽകിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. രാഹുലിനെതിരെ കേസെടുക്കുന്ന ദിവസം ഇയാളും ഡ്യൂട്ടിയിലുണ്ടായിരുന്നു. ബംഗളൂരുവിലേക്ക് കടക്കാനായി പൊലീസിന്‍റെ കണ്ണിൽപെടാതെ യാത്രചെയ്യാനുള്ള നിർദേശങ്ങൾ നൽകിയത് ശരത് ലാലാണ്.
രാഹുലും രാജേഷും ബംഗളൂരുവിന് പോകുന്ന വഴിക്ക് ശരത് ലാലിനെ കണ്ടതായും സൂചനയുണ്ട്. പൊലീസുകാരന്‍റെ കോൾ വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും ഇയാൾ പ്രതിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു.
അന്വേഷണം നടന്നുകൊണ്ടിരിക്കെ വിവരങ്ങൾ പൊലീസുകാരൻ തന്നെ പ്രതിക്ക് ചോർത്തിനൽകിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഫറോക്ക് എ.സിയെ കമീഷണർ ചുമതലപ്പെടുത്തി. സംഭവത്തിൽ കൂടുതൽ പൊലീസുകാർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. അന്വേഷണത്തിൽ വീഴ്ച വരുത്തിയ സി.ഐ എ.എസ്. സരിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.