എഡിൻബറ: ‘ദൈവകണം’ (ഹിഗ്സ് ബോസോൺ) എന്ന പുതിയ അടിസ്ഥാനകണികയുടെ അസ്തിത്വം പ്രവചിച്ച ഭൗതികശാസ്ത്രജ്ഞൻ പീറ്റർ ഹിഗ്സ് (94) അന്തരിച്ചു. 1964-ലെ ഈ സുപ്രധാന കണ്ടെത്തലിന് 2013-ൽ അദ്ദേഹത്തിന് ഭൗതിശാസ്ത്ര നൊബേൽ ലഭിച്ചു. ആ കണികയ്ക്ക് ശാസ്ത്രലോകം അദ്ദേഹത്തിന്റെ പേരും നൽകി.
എഡിൻബറ സർവകലാശാലയിലാണ് അദ്ദേഹം ഔദ്യോഗികജീവിതത്തിൽ അധികകാലവും ചെലവിട്ടത്. അദ്ദേഹത്തോടുള്ള ആദരമായി സർവകലാശാല 2012-ൽ ഹിഗ്സ് സെന്റർ ആരംഭിച്ചു. ഹിഗ്സ് ബോസോണിന്റെ അസ്തിത്വം 2012-ൽ ഒരുസംഘം ശാസ്ത്രജ്ഞർ തെളിയിച്ചു.
സ്വിറ്റ്സർലൻഡിലെ സേണിൽ ലാർജ് ഹാഡ്രൺ കൊളൈഡറിൽ 2008 മുതൽ നടത്തിയ പരീക്ഷണ ഫലമായിരുന്നു ഇത്. ഇംഗ്ലണ്ടിലെ ന്യൂകാസ്ൽ അപ്പോൺ ടൈനിൽ ജനിച്ച ഹിഗ്സിന് ഹ്യൂസ് മെഡലും റുഥർഫോർഡ് മെഡലും ലഭിച്ചിട്ടുണ്ട്.
എന്താണ് ഹിഗ്‌സ് ബോസോൺ?
പ്രപഞ്ചോൽപ്പത്തിയുടെ സമയത്ത് കണികകളാണ് പ്രപഞ്ചത്തിലെ എല്ലാ നിർമിതികൾക്കും പിന്നിലെന്നും എന്നാൽ അവയ്ക്ക് പിണ്ഡം ഉണ്ടായിരുന്നില്ല എന്നുമാണ് കണ്ടെത്തൽ. യൂറോപ്യൻ കൗൺസിൽ ഫോർ ന്യൂക്ലിയർ റിസർച്ച് പറയുന്നതനുസരിച്ച് അവയെല്ലാം പ്രകാശവേഗത്തിൽ സഞ്ചരിച്ചു. എന്നാൽ ഇന്ന് കാണുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളും ജീവനും ഉയർന്നുവന്നത് ഹിഗ്‌സ് ബോസോൺ എന്ന അടിസ്ഥാന കണികയുടെ സഹായത്താലാണ്. ഹിഗ്‌സ് ബോസോണിൽ നിന്ന് കണികകൾ പിണ്ഡം നേടിയ ശേഷമാണ് ഇന്ന് കാണുന്ന തരത്തിലേക്ക് പ്രപഞ്ചം ഉയർന്നത്.
കണികയ്ക്ക് 125 ബില്യൺ ഇലക്ട്രോൺ വോൾട്ട് പിണ്ഡമുണ്ട്. ഇത് ഒരു പ്രോട്ടോണേക്കാൾ 130 മടങ്ങ് വലുതാണെന്നും യൂറോപ്യൻ കൗൺസിൽ ഫോർ ന്യൂക്ലിയർ റിസർച്ച് പറയുന്നു. ബോസോണുകൾ എന്നറിയപ്പെടുന്ന ഉപ ആറ്റോമിക് കണങ്ങൾക്ക് ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായ സത്യേന്ദ്ര നാഥ് ബോസിന്റെ പേരാണ് നൽകിയിരിക്കുന്നത്.
എന്തുകൊണ്ട് ദൈവകണം എന്ന് വിളിക്കുന്നു?
ഹിഗ്‌സ് ബോസോണിനെ ‘ദൈവകണം എന്നാണ് പൊതുവെ അറിയപ്പെടുന്നത്. നൊബേൽ സമ്മാന ജേതാവായ ഭൗതികശാസ്ത്രജ്ഞൻ ലിയോൺ ലെഡർമാന്റെ ഈ കണികയെക്കുറിച്ചുള്ള പുസ്തകത്തിൽ നിന്നാണ് ഈ പേര് ഉത്ഭവിച്ചത്. കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടിൽ നിന്ന് ഉണ്ടായ നിരാശയെത്തുടർന്നാണ് അദ്ദേഹം നൽകിയ പേരിൽ നിന്നാണ് ‘ദൈവത്തിന്റെ കണിക’ എന്ന പേരിലേക്ക് മാറിയത്. ഹിഗ്‌സ് ബോസോൺ ഇല്ലാതെ ഒരു കണത്തിനും പിണ്ഡം ഉണ്ടാകില്ല. ലോകവും ഉണ്ടാകില്ലെന്ന് ശാസ്ത്രലോകം പറയുന്നു.