തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ക്യാമ്പുകളിൽ നിന്ന് വാടക വീടുകളിലേക്ക് മാറുന്ന ദുരിതബാധിതർക്ക് പ്രതിമാസം 6000 രൂപ വാടകയ്ക്ക് സർക്കാർ തീരുമാനം.The government has decided to pay rent of Rs 6000 per month to the affected people
വീടുകൾ നഷ്ടപ്പെട്ട ദുരിതബാധിതർക്ക് ക്യാമ്പിൽ വരാത്തതിന്റെ പേരിൽ ആനുകൂല്യം നിഷേധിക്കില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
ക്യാമ്പുകളിൽ കഴിയുന്നവർക്ക് വാടക വീടുകളിലേക്ക് മാറാനാണ് തുക നൽകുന്നത്. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങൾക്കും ഈ തുക നൽകും.
സൗജന്യ താമസമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അതുകൊണ്ട് സർക്കാർ ഉടമസ്ഥതയിലുളള കെട്ടിടങ്ങളിലും സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകുന്ന കെട്ടിടങ്ങളിലും താമസിക്കുന്നവർക്ക് വാടക ലഭിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുന്നത്.
വാടക തുകയിൽ ഭാഗീകമായി സ്പോൺസർഷിപ്പ് ലഭിക്കുന്നവർക്ക് ബാക്കി തുക പരമാവധി 6000 രൂപ വരെയും സർക്കാർ നൽകും.
ആശുപത്രിയിലായിരുന്നവരും ബന്ധുവീടുകളിലേക്ക് മാറിയവരും പലരും വിളിച്ച് ക്യാമ്പുകളിലേക്ക് വരണോയെന്ന് ചോദിക്കുന്നുണ്ട്.
സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നാണ് ഇവരുടെ ഭയം. പക്ഷെ ഇത്തരം കേസുകളിൽ സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.
പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുന്നത് ദുരിതബാധിതർക്ക് വേണ്ടിയാണ്. അവരെല്ലാം അതിന് അർഹരായിരിക്കുമെന്നും മന്ത്രി പറഞ്ഞു.”