പി.വി.അൻവറും എഡിജിപി എം.ആർ.അജിത്കുമാറും ആരുടെയും ഫോൺ ചോർത്തിയിട്ടില്ലെന്നു ഗവർണറെ സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി എന്ന പരാതിയിൽ പിവി അൻവറിനെതിരെ കേസെടുത്തത്.The government handed over the report given by the DGP to the governor that neither Anwar nor the ADGP had hacked the phon
ഫോൺ ചോർത്തൽ ആരോപിച്ച് കോട്ടയം കറുകച്ചാൽ പോലീസിൽ കിട്ടിയ പരാതിയിലാണ് നടപടി. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതിനും ദൃശ്യമാധ്യമങ്ങൾ വഴി അത് പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചതിനുമാണ് കേസ്. തോമസ് പീലിയാനിക്കൽ എന്നയാളാണ് പരാതിക്കാരൻ.
ഫോൺ ചോർത്തലിൽ സ്വീകരിച്ച നടപടി അറിയിക്കാൻ ഗവർണർ ആവർത്തിച്ച് ആവശ്യപ്പെട്ടതോടെയാണു സർക്കാർ ഗവർണർക്ക് റിപ്പോർട്ട് നൽകിയത്.
എഡിജിപി മുഖ്യമന്ത്രി ഉൾപ്പെടെ പലരുടെയും ഫോൺ ചോർത്തിയെന്നും ഇതിനു മറുപടിയായി താൻ എഡിജിപിയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും ഫോൺ ചോർത്തിയെന്നും അൻവർ വാർത്താസമ്മേളനത്തിലാണ് ആരോപിച്ചത്.
എന്നാൽ അൻവറോ എഡിജിപിയോ ഫോൺ ചോർത്തിയിട്ടില്ലെന്നു ഡിജിപി നൽകിയ റിപ്പോർട്ടാണു സർക്കാർ ഗവർണർക്കു കൈമാറിയത്.
അന്വേഷണത്തിന്റെ ഭാഗമായി തൃശൂർ റേഞ്ച് ഐജി തോംസൺ ജോസിന് അൻവർ നൽകിയ മൊഴിയിൽ ഫോൺ ചോർത്തുകയല്ല, റിക്കോർഡ് ചെയ്യുകയാണുണ്ടായതെന്നു പിന്നീട് വിശദീകരിച്ചിരുന്നു.
ഇക്കാര്യവും ഡിജിപിയുടെ റിപ്പോർട്ടിലുണ്ട്. ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ ഒരുദ്യോഗസ്ഥനും ഫോൺ ചോർത്താൻ കഴിയില്ലെന്നു ഡിജിപി പറയുന്നു. ഫോൺ ചോർത്തുന്നതിന്റെ നടപടിക്രമങ്ങളും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്.
സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ആരുടെയും ഫോൺ ഏഴു ദിവസത്തേക്കു ചോർത്താം. എന്നാൽ, ചോർത്തിത്തുടങ്ങി മൂന്നു ദിവസത്തിനകം ഉദ്യോഗസ്ഥർ സർക്കാരിന് അപേക്ഷ സമർപ്പിക്കണം
അതേ സമയം പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി എന്ന പരാതിയിൽ പിവി അൻവറിനെതിരെ ചുമത്തിയിരിക്കുന്നത് യൂട്യൂബർ ചെകുത്താനെതിരെ ചുമത്തിയ അതേ കുറ്റം.
ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 192-ാം വകുപ്പ് പ്രകാരമാണ് നിലമ്പൂർ എംഎൽഎക്കെതിരെ ഇന്ന് കേസെടുത്തിരിക്കുന്നത്.
ടെറിറ്റോറിയൽ ആർമിയിലെ ലെഫ്. കേണലായ നടന്‍ മോഹന്‍ലാല്‍ പട്ടാള യൂണിഫോമിൽ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ വിമർശിച്ചതിനായിരുന്നു ചെകുത്താനെതിരെ തിരുവല്ല പോലീസ് കേസെടുത്തത്.
പിന്നാലെ ചെകുത്താൻ എന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെ അറസ്റ്റ് ചെയ്തു ലോക്കപ്പിൽ അടച്ചിരുന്നു. ഭാരതീയ ന്യായ സംഹിത 192, 296(b) കെ.പി. ആക്ട് 120(0) വകുപ്പുകള്‍ ചുമത്തിയായിരുന്നു പോലീസ് കേസെടുത്തത്.
അൻവറിനെതിരെ ബിഎൻഎസ് 192-ാം വകുപ്പ് മാത്രമാണ് ചുമത്തിയിരിക്കുന്നത് എങ്കിലും ഇതാണ് ജാമ്യമില്ലാത്ത വകുപ്പ്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക എന്ന കുറ്റം ആരോപിച്ചാണ് ഇത്. ഒരു വർഷം വരെ വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്.
ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ അൻവർ ശ്രമിച്ചുവെന്നായിരുന്നു തോമസ് പീലിയാനിക്കൽ പരാതിയില്‍ ആരോപിച്ചിരുന്നത്.
സ്വകാര്യതയേയും ദേശസുരക്ഷയേയും ബാധിക്കുന്നതാണ് അൻവറിന്റെ നടപടിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എഫ്ഐആർ റജിസ്റ്റർ ചെയ്ത സ്ഥിതിക്ക് തുടർ നടപടികൾ എന്താകുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. അൻവറിനെ കസ്റ്റഡിയിൽ എടുക്കുമോ, ചോദ്യം ചെയ്യുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.