തൃപ്പൂണിത്തുറ: വനിതാ പൊലീസ് കോൺസ്റ്റബിളിനെയും നഴ്സിനെയും മർദ്ദിച്ച് വയോധികൻ. സംഭവത്തിന് പിന്നാലെ വയോധികനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുരീക്കാട് പാത്രയിൽ പി.എസ്. മാധവനാണ് (64) പിടിയിലായത്. മദ്യലഹരിയിൽ നടുറോഡിൽ വച്ചാണ് വനിതാ പൊലീസിനെ മർദ്ദിച്ചത്.
ചൊവ്വാഴ്ച്ച വൈകിട്ട് 5.30ഓടെ കിഴക്കേക്കോട്ട ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് സംഭവങ്ങളുടെ തുടക്കം. മദ്യലഹരിയിലായിരുന്ന മാധവൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുന്നത് കണ്ട് മഫ്തിയിൽ സ്ഥലത്തുണ്ടായിരുന്ന വനിതാ കോൺസ്റ്റബിൾ ഇയാളെ ചോദ്യം ചെയ്തു. ഇതോടെ പൊലീസുകാരിയെ അസഭ്യം പറഞ്ഞ് നടുറോഡിൽ മറിച്ചിട്ട് ദേഹത്ത് കയറി മർദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് ബോധം നഷ്ടപ്പെട്ട അവസ്ഥയിലായ മാധവനെ താലൂക്കാശുപത്രിയിലെത്തിച്ച് ചികിത്സ നൽകുന്നതിനിടെ ഉണർന്ന ഇയാൾ നഴ്സിംഗ് ഓഫീസറായ യുവതിയുടെ മുഖത്ത് കാലുകൊണ്ട് ശക്തമായി ചവിട്ടുകയായിരുന്നു. പരിക്കേറ്റ പൊലീസുദ്യോഗസ്ഥയും നഴ്സും ആശുപത്രിയിൽ ചികിത്സ തേടി.