കൊച്ചി: എറണാകുളത്തെ സീപോർട്ട് – എയർപോർട്ട് റോഡ് നിർമാണത്തിന് ആവശ്യമുള്ള എച്ച്എംടി ഭൂമി നിശ്ചിത തുക കെട്ടിവെച്ച് ആർബിഡിസികെക്ക് വിട്ടുനൽകാൻ സുപ്രീം കോടതി ഉത്തരവ്. ഇതോടെ റോഡ് നിർമാണത്തിനുള്ള അവസാന കടമ്പയും നീങ്ങി.
റോഡ് വികസനത്തിന് ആവശ്യമായ എച്ച്എംടി ഭൂമി ലഭ്യമാക്കുന്നതിന് 16.34 കോടി രൂപ ദേശസാൽകൃത ബാങ്കിൽ കെട്ടിവെക്കുന്നതിന് സുപ്രീം കോടതി അനുമതി തേടാൻ മന്ത്രിമാരായ പി രാജീവ്, കെ രാജൻ, പിഎ മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ രണ്ടാഴ്ച മുൻപ് ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും നിർണായക ഇടപെടലുണ്ടായത്.
എച്ച്എംടിയിൽ നിന്ന് റോഡ് നിർമാണത്തിനായി 1.632 ഹെക്ടർ സ്ഥലമാണ് വിട്ടുകിട്ടേണ്ടത്. ഈ ഭൂമി സംസ്ഥാന സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ എച്ച്എംടി സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് ഇടക്കാല ഉത്തരവ്.
2014ലെ അടിസ്ഥാന വിലനിർണയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലുള്ള തുകയാണ് കെട്ടിവെക്കേണ്ടത്. 2024ലെ വിലയടിസ്ഥാനമാക്കി തുക നിശ്ചയിക്കണമെന്ന എച്ച്എംടിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി രജിസ്ട്രാറുടെ പേരിലാണ് തുക കെട്ടിവെക്കേണ്ടത്. സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായതോടെ റോഡ് നിർമാണത്തിനുള്ള അവസാന കടമ്പയും നീങ്ങുകയാണ്.
2.4967 ഹെക്ടർ ഭൂമിയാണ് വിട്ടുകിട്ടിയത്. ഭൂമിയുടെ വിലയായ 23.06 കോടി രൂപ ആർബിഡിസികെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നൽകാൻ തീരുമാനമായിരുന്നു. എൻഎഡിയുമായുള്ള ധാരണപ്രകാരം ഭൂമി ലഭ്യമാക്കിയതിന് പകരമായി എച്ച്എംടി – എൻഎഡി റോഡ് 5.5 മീറ്റർ വീതിയിൽ പുനർനിർമിക്കാനും മുൻ തീരുമാനമെടുത്തിരുന്നു.