മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നത് സൗഹൃദം ഒഴിവാക്കിയതിനെ തുടർന്നുള്ള വൈരാഗ്യത്തിൽ. ഇരുവരും മുമ്പ് അയൽവാസിയിരുന്നു. ചെറുപ്പം മുതൽ സുഹൃത്തുക്കളും. ഇതിനിടെ കൊല്ലപ്പെട്ട സിംന പ്രതി ഷാഹുൽ അലിയുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. ഇതേതുടർന്ന് സിംനയെ പുറകെ നടന്ന് ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നു.
പ്രതി ഷാഹുൽ പലതവണ സഹോദരിയെ ശല്യം ചെയ്തിരുന്നതായി കൊല്ലപ്പെട്ട സിംനയുടെ സഹോദരൻ ഹാരിസും മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നു.മദ്യപിച്ച് സിംനയുടെ വീട്ടിലെത്തിയും ബഹളം ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ സഹോദരിയോട് ആവശ്യപ്പെട്ടിരുന്നു. പരാതി നൽകിയിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. പരാതിപ്പെട്ടതിലുളള പ്രകോപനമാകാം കൊലപാതകത്തിന് കാരണമായതെന്നും ഹാരിസ് കൂട്ടിച്ചേർത്തു.
ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ട പ്രതി പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടി. ഇന്ന് വെകിട്ട് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. പിടിവലിക്കിടെ പ്രതിക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൈക്ക് മുറിവേറ്റ പ്രതിയെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
സിംനയുടെ പിതാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അദ്ദേഹത്തെ കാണാനാണ് സിംന ആശുപത്രിയിലെത്തിയത്. ഇത് മുൻകൂട്ടി അറിഞ്ഞെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയെ കുത്തുകയായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയുടെ കഴുത്തിലും പുറത്തും കുത്തേറ്റു.
അതേസമയം എന്ത് വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമുണ്ടായതെന്നതിൽ വ്യക്തതയില്ല. ഇവർ നേരത്തെ അയൽവാസികളായിരുന്നു. ബൈക്കിൽ കയറി രക്ഷപ്പെട്ട ഇയാളെ ബസ് സ്റ്റാന്റിലിട്ടാണ് പിടികൂടിയത്.