രോഗികൾ ആണെന്ന് കരുതി രാത്രിയിൽ വന്ന ഒരു ഫോൺകോൾ അറ്റൻഡ് ചെയ്ത 71 കാരനായ ഡോക്ടർക്ക് നഷ്ടമായത് 9 ലക്ഷം രൂപ. ഒടുവിൽ ഡോക്ടറുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. ഡൽഹി സ്വദേശിയായ ഡോക്ടർ ആണ് ഹണി ട്രാപ്പ് തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങിയത്.
സംഭവം ഇങ്ങനെ:
കഴിഞ്ഞ ആഴ്ച അർദ്ധരാത്രിയിലാണ് 71 കാരനായ ഡോക്ടർക്ക് ഒരു ഫോൺകോൾ വന്നത്. അടിയന്തര ആവശ്യത്തിന് രോഗികൾ ആകും എന്ന് കരുതി ഫോൺ അറ്റൻഡ് ചെയ്ത ഡോക്ടർ അങ്ങേ തലയ്ക്കൽ കണ്ടത് അർധനഗ്നയായ സ്ത്രീയെയാണ്. ഇതോടെ ഫോൺ കട്ട് ചെയ്ത ഡോക്ടർക്ക് പിന്നാലെ വിളിയെത്തി. നഗ്നയായ സ്ത്രീക്ക് ഒപ്പമുള്ള വീഡിയോ കോൾ ചിത്രങ്ങൾ പരസ്യപ്പെടുത്തും എന്നും ഇല്ലെങ്കിൽ പണം വേണം എന്നും ആവശ്യപ്പെട്ടു. ഭയന്നുപോയ ഡോക്ടർ പലതവണയായി നൽകിയത് 9 ലക്ഷം രൂപയാണ്. വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഗത്യന്തരമില്ലാതെ ഡോക്ടർ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ രാജസ്ഥാൻ സ്വദേശികളായ രണ്ട് സഹോദരങ്ങൾ പിടിയിലായി. രാജസ്ഥാൻ സ്വദേശികളായ അബ്ദുൽ റഹ്മാൻ, സഹോദരൻ അമീർഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് വീഡിയോ കോൾ ചെയ്യാനും മറ്റുമായി സൂക്ഷിച്ചിരുന്ന 7 ഫോണുകളും സിംകാർഡുകളും കണ്ടെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിരവധി പേർ ഇവരുടെ തട്ടിപ്പ് ആയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഡിജിറ്റലായി ഓപ്പൺ ചെയ്ത അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയിരിക്കുന്നത്. ഈ പണം വീണ്ടെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.