മൂന്നാം ദിനവും മാറ്റമില്ലാതെ ശമ്പള വിതരണത്തിലെ പ്രതിസന്ധി. ശമ്പള വിതരണം ഇപ്പോഴും ഭാഗികമായി മാത്രമേ നടക്കുന്നുള്ളൂ. ആരോഗ്യ പ്രവർത്തകർക്കും അധ്യാപകർക്കും ലഭിക്കേണ്ട ശമ്പളം ഇന്നലെയും ലഭിച്ചിട്ടില്ല. പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണവും കാര്യങ്ങൾ വഷളാക്കിയിരിക്കുകയാണ്. ശമ്പളം ഉടൻ നൽകിയില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കരിക്കേണ്ടി വരുമെന്ന് കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ സർക്കാരിന് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. നിയമസഭാ ജീവനക്കാരും പ്രതിഷേധത്തിലാണ്. സംഭവത്തിൽ സ്പീക്കർ ഇടപെടണമെന്നാണ് അവരുടെ ആവശ്യം. ഇടക്കാല ഉത്തരവിലൂടെ അടിയന്തരമായി 26000 കോടി രൂപ കടമെടുക്കാൻ അനുമതി നൽകണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇന്ന് ഹർജി പരിഗണിക്കുമ്പോൾ അനുകൂല ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് സർക്കാർ.
Read Also: ആലപ്പുഴയിൽ സിപിഎം പ്രവർത്തകൻ എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ