ആലപ്പുഴ: അരൂർ– തുറവൂർ ഉയരപ്പാത പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയുള്ള സംസ്ഥാനം കേരളമാകും. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ പാതയിൽ 354 തൂണുകൾക്ക് മുകളിലായാണ് ഉയരപ്പാതയുടെ നിർമ്മാണം. ഒറ്റ തൂണിൽ 24 മീറ്റർ വീതിയുള്ള ആറുവരി പാതയാണു തൂണിന് മുകളിൽ ഒരുങ്ങുന്നത്. മൂന്നിലൊന്ന് തൂണുകളുടെ നിർമാണം പൂർത്തിയായി.30 മീറ്റർ നീളമുള്ള കോൺക്രീറ്റ് ഗർഡറുകൾ ചേർത്തല മായിത്തറ, പുത്തൻ ചന്ത എന്നിവിടങ്ങളിലാണ് നിർമിക്കുന്നത്. 5 റീച്ചുകളിലും ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെ മുന്നൂറോളം കോൺക്രീറ്റ് ഗർഡർ തൂണിന് മുകളിൽ കയറ്റി.
ജോലി ഇഴഞ്ഞു നീങ്ങിയതോടെ 24 മണിക്കൂറും കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കാൻ കമ്പനി അധികൃതർ തീരുമാനമെടുക്കുകയായിരുന്നു.
2.5 കിലോമീറ്റർ ദൂരത്തിൽ 5 റീച്ചുകളിലായാണു നിർമാണം പുരോഗമിക്കുന്നത്. ഗർഡറുകൾ കൊണ്ടുവരുന്നതും സ്ഥാപിക്കുന്നതും രാത്രി മാത്രമായിരുന്നു.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് കമ്പനി അധികൃതർ. ഇതോടെ ഇതുവഴിയുള്ള ഗതാഗതം കൂടുതൽ ദുഷ്കരമായി. ജോലി നടക്കുമ്പോൾ സുരക്ഷയുടെ ഭാഗമായി പാതയിലൂടെ 30 കിലോമീറ്ററാണ് പരമാവധി വേഗം പറഞ്ഞിരിക്കുന്നത്. സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇത് വാഹന യാത്രികർ പാലിക്കാത്തത് അപകടങ്ങൾക്കും കാരണമാകുന്നു. തുറവൂർ, കുത്തിയതോട്, എരമല്ലൂർ, ചന്തിരൂർ എന്നിവിടങ്ങളിലാണ് നിർമാണം പൂർത്തിയായ തൂണുകൾക്കു മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്നത്.