ന്യൂഡൽഹി: രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിനിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യ വന്ദേ മെട്രോ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുന്നത്.The country’s first Vande Metro train will be inaugurated today
ഗുജറാത്തിലെ അഹമ്മദാബാദിനും ഭുജ്ജിനും ഇടയിലാണ് ആദ്യ വന്ദേമെട്രോ സർവീസ് നടത്തുക. നാളെ ഉദ്ഘാടനം നടക്കുമെങ്കിലും ബുധനാഴ്ച മുതലാകും വന്ദേ മെട്രോയുടെ സാധാരണ സർവീസ് ആരംഭിക്കുക.
ആഴ്ചയിൽ ആറ് ദിവസമായിരിക്കും സർവീസ്. അഹമ്മദാബാദ്-ഭുജ് വന്ദേ മെട്രോ സർവീസ് ഒമ്പത് സ്റ്റേഷനുകളിൽ നിർത്തി 360 കിലോമീറ്റർ ദൂരം 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് എത്തിച്ചേരും.
മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ ട്രെയിൻ സഞ്ചരിക്കുമെന്ന് പശ്ചിമ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. ഭുജിൽനിന്ന് പുലർച്ചെ 5.05ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 10.50ന് അഹമ്മദാബാദിലെത്തും.
തിരിച്ച് അഹമ്മദാബാദിൽ നിന്ന് വൈകീട്ട് 5.30 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.10ന് ഭുജിലെത്തും. 455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്. മിനിമം 30 രൂപയാണ് ടിക്കറ്റ് നിരക്ക്.
അത്യാധുനിക സൗകര്യങ്ങളുള്ള പൂർണ്ണമായും ശീതീകരിച്ച ട്രെയിനാണിത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. 1,150 യാത്രക്കാർക്ക് ഇരിക്കാവുന്ന 12 കോച്ചുകൾ ഉൾക്കൊള്ളുന്ന വന്ദേ മെട്രോയിൽ റിസർവേഷന്റെ ആവശ്യമില്ല. 20 കോച്ചുകളുള്ള ആദ്യ വന്ദേ ഭാരത് ട്രെയിൻ വാരാണസി-ഡൽഹി പാതയിൽ ഉടൻ സർവീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.”