അച്ചടക്കനടപടി വേണ്ട, അവഗണിച്ചാൽ മതി
തിരുവനന്തപുരം: ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനം. അടിയന്തരാവസ്ഥ ലേഖനത്തിൽ ശശി തരൂരിനെതിരായ വികാരം പാർട്ടിയിൽ ശക്തമാകുന്നുണ്ട്.
എന്നാൽ തരൂരിന്റെ ലേഖനത്തെ അവഗണിക്കാനാണ് നേതൃത്വം ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്. അടുത്തിടെ കോൺഗ്രസിനെ വെട്ടിലാക്കുന്ന തരത്തിലുള്ള നിരവധി പ്രസ്താവനകളാണ് ശശി തരൂർ നേരിട്ടും ലേഖനങ്ങളിലൂടെയും ഉയർത്തിയത്.
പാർട്ടിയുടെ വക്താക്കളോട് ഇതുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവനകളൊന്നും നടത്തരുതെന്നും സൂചിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ എന്തെങ്കിലും നിലപാട് വ്യക്തമാക്കാനുണ്ടെങ്കിൽ ഹൈക്കമാൻഡ് പ്രതികരിക്കുമെന്നാണ് എഐസിസിയുടെ നിലപാട്.
ഇസ്രയേൽ വിഷയത്തിൽ സോണിയ ഗാന്ധി പറഞ്ഞതിനെതിരെയും ഓപ്പറേഷൻ സിന്ദൂറിൽ രാഹുൽ ഗാന്ധി പറഞ്ഞതിനെയും ശശി തരൂർ വിമർശിച്ചിരുന്നു.
ശശി തരൂരിനെ ചേർത്തു നിർത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ; ഉന്നത പദവി നൽകാൻ നീക്കം
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ ചേർത്തു നിർത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. തരൂരിന് ഉന്നത പദവി നൽകുമെന്നാണ് പുറത്തു വരുന്ന വിവരം.
വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാനുളള ഉന്നത പദവി തരൂരിന് നൽകുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുസംബന്ധിച്ച കാര്യങ്ങൾ തരൂരുമായി ചർച്ച ചെയ്‌തെന്നാണ് അഭ്യൂഹം.
കഴിഞ്ഞ ദിവസം ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടനത്തിന് ശശി തരൂരിനെ തലവനാക്കി നിയമിച്ചതിൽ കോൺഗ്രസിന് അമർഷം ഉള്ള സാഹചര്യത്തിലാണ് പുതിയ നീക്കം.
രണ്ടും കൽപിച്ചുള്ള ശശി തരൂരിൻറെ നീക്കത്തിൽ അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശശി തരൂർ കേന്ദ്രസർക്കാരിനോട് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്.
വിദേശ കാര്യ വിദഗ്ധനായ തരൂരിൻറെ സേവനം തുടർന്നങ്ങോട്ട് പ്രയോജനപ്പെടുത്താൻ കേന്ദ്രസർക്കാരും നീക്കം നടത്തുകയാണെന്നാണ് വിവരം.
ഓണററി പദവിയാണെങ്കിൽ തരൂർ എംപി സ്ഥാനം രാജി വയ്ക്കേണ്ടതില്ല. രാഷ്ട്രീയ പദവിയല്ലെങ്കിൽ അയോഗ്യതയ്ക്കുള്ള മാനദണ്ഡം ബാധകമാകില്ല.
പക്ഷെ കോൺഗ്രസ് ഇതിന് അനുമതി നൽകാനിടയില്ല. അതേ സമയം ശശി തരൂരിൻറെ നീക്കങ്ങളെ ഏറെ ജാഗ്രതയോടെയാണ് കോൺഗ്രസ് വീക്ഷിക്കുന്നത്.
വിദേശകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റാൻ ആവശ്യപ്പെടണമെന്ന് എഐസിസി നേതൃത്വത്തോട് മറ്റുനേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം.
പ്രവർത്തക സമിതിയിലിരുന്ന് നിരന്തരം അച്ചടക്കം ലംഘിക്കുന്ന ശശിതരൂരിനെ ആ പദവിയിൽ നിന്ന് പുറത്താക്കാനും സമ്മർദ്ദമുണ്ട്.
കോൺഗ്രസിൽ നിന്ന് ബിജെപിക്ക് വേണ്ടി പണിയെടുപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഭൂരിപക്ഷത്തിൻ്റെയും വികാരം. വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിന് പാർലമെൻറിലെത്തിയ തരൂർ വിവാദ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയിരുന്നു.
തൻറെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച തിരിക്കുമെന്ന് തരൂർ അറിയിച്ചിട്ടുണ്ട്. ഗിനിയയിലാണ് ആദ്യ സന്ദർശനം. അവസാനം യുഎസിലും
യുഎസിൽ എത്തുമ്പോൾ ഡോണൾഡ് ട്രംപിനെ നേരിട്ട് കണ്ട് യുഎസ് നിലപാട് മാറ്റുന്നതിന് സമ്മർദ്ദം ചെലുത്താൻ തരൂർ ശ്രമിക്കുന്നുണ്ട്.
പാർട്ടി നിശ്ചയിക്കുന്നവർ പോയാൽ മതിയെന്ന നിലപാട് രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും തരൂരിനെ അറിയിച്ചിരുന്നതായാണ് പുറത്തു വരുന്ന വിവരം.
വിദേശകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ എന്ന നിലക്കാണ് തനിക്കുള്ള ക്ഷണമെന്ന് തരൂർ അറിയിച്ചെങ്കിലും നേതൃത്വം പരിഗണിച്ചില്ല
English Summary:
The Congress high command has decided not to take disciplinary action against Shashi Tharoor despite growing resentment within the party over his recent article on the Emergency. Though criticism against Tharoor is intensifying, the leadership has directed party members to ignore his remarks for now. In recent times, Tharoor has made several statements—both directly and through articles—that have put the Congress party in a difficult position.