കേരളം ഇപ്പോൾ അക്ഷരാർത്ഥത്തിൽ നിന്ന് കത്തുകയാണ്. ജനങ്ങൾ പരവേശത്തിൽ പരക്കം പായുന്ന കാഴ്ച്ചയാണെങ്ങും. രാത്രികളിൽ വീടുകളിൽ കിടന്നുറങ്ങാൻ ആവാത്ത അവസ്ഥയാണ്. മറിഞ്ഞും തിരിഞ്ഞും കിടന്നു നേരം വെളുപ്പിക്കുകയാണ് കേരളം ഇപ്പോൾ. അല്പം പണം ഉള്ളവരെ സംബന്ധിച്ച് എസിയോ എയർ കൂളറോ അല്ലെങ്കിൽ ഒരു ഫാൻ എങ്കിലും വാങ്ങി വയ്ക്കുന്നതിൽ തടസ്സമില്ല. ഇതിനൊന്നും വഴിയില്ലാത്ത സാധാരണക്കാരുടെ അവസ്ഥ ഭീകരമാണ്.
ഉഷ്ണ തരംഗം പ്രഖ്യാപിച്ചിരിക്കുന്ന പാലക്കാടും പരിസരപ്രദേശങ്ങളിലും സ്ഥിതി അതിരൂക്ഷമായി തുടരുകയാണ്. ഫാൻ ഇല്ലാതെ ഒരു നിമിഷം പോലും ഇരിക്കാൻ ആവാത്ത അവസ്ഥ. ഫാൻ ഇട്ടാൽ തന്നെ വീടുകളിൽ നെരിപ്പോടിന് സമാനമായ അവസ്ഥയാണ്. ഫാനിൽ നിന്നെത്തുന്ന ചൂട് കാറ്റ് ഉഷ്ണത്തെ കൂടുതൽ തീക്ഷണമാക്കുന്നു. ഇതോടെയാണ് ജനം പുറത്തിറങ്ങി തുടങ്ങിയത്.
പാലക്കാട്ടേയും പരിസരപ്രദേശങ്ങളിലും സാധാരണക്കാരന്റെ വീട്ടുമുറ്റത്ത് ഇപ്പോൾ ഒരു കട്ടിൽ കാണാം. ഇത് രാത്രിയിൽ ഉറങ്ങാനുള്ളതാണ്. പിഞ്ചുമക്കളെയുമായി രാത്രിയിൽ പുറത്ത് ഇറങ്ങി കിടക്കുന്ന അമ്മമാർ സാധാരണ കാഴ്ചയാണ് ഇവിടെ. കുഞ്ഞുങ്ങളുടെ അവസ്ഥയാണ് ഏറ്റവും പരിതാപകരം. ചൂടും പരവേശവും മൂലം അലറികരയുന്ന കുഞ്ഞുങ്ങളെ വീശിക്കൊടുത്തും മാറോട് അടക്കിപ്പിടിച്ചും അമ്മമാർ ആശ്വസിപ്പിച്ചു വലയുകയാണ്. ഒരു രാത്രി മുഴുവൻ ഉറങ്ങാതെ കഴിച്ചുകൂട്ടിയാൽ പിറ്റേന്ന് പകൽ അവസ്ഥ ഇതിലും ഭീകരമാകും. അവധിക്കാലമായതിനാൽ വീടുകളിൽ കുഞ്ഞുങ്ങൾ തനിച്ചാണ്. കത്തുന്ന ചൂടിൽ കുഞ്ഞുങ്ങളെ തനിച്ചാക്കി ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് പാലക്കാട്ടെ വീട്ടമ്മമാർ പറയുന്നു. വെള്ളം കുടിച്ചാലും കുടിച്ചാലും ദാഹം പിന്നെയും ബാക്കി. ഇതോടൊപ്പം കൊച്ചുകുഞ്ഞുങ്ങൾക്ക് രോഗങ്ങളും കൂടപ്പിറപ്പ് ആവുകയാണ്. ചൂടുകുരു മുതൽ മുണ്ടിനീരും ആസ്മയും അലർജിയും ജലദോഷവും ന്യൂമോണിയയും വരെ ഈ ചൂടുകാലത്തിന്റെ സമ്മാനം.
പകലന്തിയോളം പണിയെടുത്ത് വീട്ടിലൊന്ന് കിടന്നുറങ്ങാൻ എത്തുന്ന ആളുകൾ ഇപ്പോൾ രാത്രി കനക്കുന്നതോടെ പുറത്തിറങ്ങേണ്ട അവസ്ഥയാണ്. രാത്രി മുഴുവൻ ഫാനിട്ടാലും കിടന്നുറങ്ങാൻ കഴിയാതെ സാധാരണക്കാരൻ. ചൂട് ഇത്തരത്തിൽ മുന്നോട്ടുപോയാൽ സ്ഥിരമായി വീട് ഒഴിവാക്കി പുറത്ത് കിടക്കേണ്ടി വരും എന്നാണ് ബഹുജനത്തിന്റെ അഭിപ്രായം.