ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് (യുസിസി) നടപ്പാക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കുന്നു. ലോ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണു നടപടിയെന്നാണ് നിയമമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലെങ്കിലും ബില്‍ അവതരിപ്പിക്കാനാണു ശ്രമം. ബിജു ജനതാദളും പിന്തുണയ്ക്കുമെന്നതിനാല്‍ രാജ്യസഭയിലും ബില്‍ പാസാകാനുള്ള വോട്ടിന്റെ പ്രശ്‌നമില്ലെന്നാണ് ബിജെപി കരുതുന്നത്.
യുസിസി ആവശ്യമുള്ളതോ അഭികാമ്യമോ അല്ലെന്നാണു കഴിഞ്ഞ നിയമ കമ്മീഷന്‍ നിലപാടെടുത്തത്. രാജ്യദ്രോഹ വ്യവസ്ഥകളുടെ കാര്യത്തിലും മോദി സര്‍ക്കാരിന്റെ താല്‍പര്യത്തോടു യോജിക്കുന്ന നിലപാടല്ലായിരുന്നു കമ്മീഷന്റേത്. പുതിയ കമ്മിഷന്‍ രാജ്യദ്രോഹ വ്യവസ്ഥകളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ താല്‍പര്യത്തിനൊത്ത നിലപാടാണെടുത്തിരിക്കുന്നത്. യുസിസിയുടെ കാര്യത്തിലും അത്തരമൊരു സമീപനത്തിനുള്ള സാധ്യതയുണ്ട്.
കേന്ദ്രത്തില്‍നിന്നുള്ള നടപടിക്കു കാത്തുനില്‍ക്കാതെ ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, അസം തുടങ്ങി ബിജെപി ഭരണത്തിലുള്ള പല സംസ്ഥാനങ്ങളും യുസിസിക്കായി നടപടികള്‍ തുടങ്ങിയിരുന്നു. സജീവമായി മുന്നോട്ടുപോകുന്നത് ഉത്തരാഖണ്ഡാണ്.
സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് രഞ്ജന പി.ദേശായിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സമിതി പല തലങ്ങളില്‍ ചര്‍ച്ച നടത്തുന്നുണ്ട്. നാളെ ഡല്‍ഹിയില്‍ ഈ സമിതി ദേശീയ തലസ്ഥാന മേഖലയില്‍ താമസിക്കുന്ന ഉത്തരാഖണ്ഡുകാരുമായി കൂടിക്കാണുന്നുണ്ട്.
പാര്‍ട്ടിയുടെ താല്‍പര്യപ്രകാരമാണ് ഉത്തരാഖണ്ഡ് സമിതി പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതെന്നാണു ബിജെപി വൃത്തങ്ങള്‍ പറയുന്നത്. യുസിസി സംബന്ധിച്ച് നടപടികളുണ്ടായാല്‍ എന്തായിരിക്കും പ്രതികരണമെന്നതിന്റെ സൂചനകള്‍ അതില്‍നിന്നു ലഭിക്കുമെന്നാണു പ്രതീക്ഷ. നിയമ കമ്മീഷനുമായി കഴിഞ്ഞ ദിവസം ഈ സമിതി ചര്‍ച്ച നടത്തിയിരുന്നു. യുസിസി വിഷയത്തില്‍ നിയമ കമ്മിഷന്റെ ഭാഗത്തുനിന്നു നടപടികളുണ്ടാകുമെന്നാണ് ചര്‍ച്ചയ്ക്കുശേഷം ജസ്റ്റിസ് രജ്ഞന സൂചിപ്പിച്ചത്.
ബിജെപിയുടെ അജന്‍ഡയില്‍ നടപ്പാക്കപ്പെടാനുള്ള വിവാദ സ്വഭാവമുള്ള വിഷയങ്ങളില്‍ ഇനി അവശേഷിക്കുന്നത് യുസിസിയാണ്. ഈ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്‍പ് യുസിസിക്കു നടപടികളെടുത്ത് കളം കൊഴുപ്പിക്കുമോ എന്നു വ്യക്തമല്ല.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സൃഷ്ടിക്കപ്പെടാവുന്ന പ്രതിഷേധം കണക്കിലെടുക്കുമ്പോള്‍, ജി-20 ഉച്ചകോടി സെപ്റ്റംബര്‍ രണ്ടാം വാരമുണ്ടെന്നതും പ്രസക്തമാണ്.
രാഷ്ട്രീയമായ പ്രതിഷേധവും ന്യൂനപക്ഷ സമുദായങ്ങളുടെ ആശങ്കയുമല്ല, പട്ടിക വര്‍ഗങ്ങള്‍ ഉന്നയിക്കാവുന്ന എതിര്‍പ്പ് സര്‍ക്കാരും പാര്‍ട്ടിയും എങ്ങനെ നേരിടുമെന്നാണു കാണേണ്ടത്. പട്ടിക വര്‍ഗക്കാരുടെ ആശങ്കകള്‍ കണക്കിലെടുക്കേണ്ടതുണ്ടെന്ന് ആര്‍എസ്എസ് നേരത്തേ നിലപാടെടുത്തിട്ടുണ്ട്. യുസിസിക്കെതിരെ മിസോറം നിയമസഭ ഏതാനും മാസം മുന്‍പ് പ്രമേയം പാസാക്കിയിരുന്നു.