ഭാരതപ്പുഴയിലെ ഒറ്റപ്പാലം മീറ്റ്ന തടയണയിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ഷട്ടറുകൾ അഴിച്ചുമാറ്റി തടയണ തുറന്നു വിട്ടതോടെ ജലനിരപ്പ് പകുതിയായി കുറഞ്ഞു. ഒരു ഷട്ടർ അഴിച്ചുമാറ്റിയ നിലയിലും മറ്റൊന്ന് വെള്ളത്തിലേക്കു തള്ളിയ നിലയിലുമാണ്. അന്വേഷണം ആവശ്യപ്പെട്ട് ജല അതോറിറ്റി പൊലീസിനെ സമീപിച്ചു. കത്തുന്ന വേനലിലും ജലസമൃദ്ധമായിരുന്ന തടയണയാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം മൂലം നശിച്ചത്. ഒറ്റപ്പാലം നഗരസഭയുടെയും അമ്പലപ്പാറ പഞ്ചായത്തിന്റെയും സമഗ്ര ശുദ്ധജല പദ്ധതികളുടെ സ്രോതസാണു ഭാരതപ്പുഴയിലെ മീറ്റ്ന തടയണ. ഇതിനു പുറമേ, വേനൽ കത്തിക്കയറി വരൾച്ച സമാനമായ സാഹചര്യം നേരിടുന്ന പ്രദേശങ്ങളിലേക്കു ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുന്നതും മീറ്റ്ന തടയണയിൽ നിന്നാണ്. അനങ്ങനടി, അമ്പലപ്പാറ, മണ്ണൂർ പഞ്ചായത്തുകളിലേക്കാണു ടാങ്കറിൽ ജലവിതരണം. എങ്കിലും ജലസമൃദ്ധമായിരുന്നു തടയണ. ഇതിനിടെയാണു കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ഷട്ടറുകൾ തുറന്ന നിലയിൽ കാണപ്പെട്ടത്.