ബറേലി: ഐസിസി ചാംപ്യൻഷിപ്പിൽ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനൽ മത്സരത്തിനിടെ ജ്യൂസും വെളളവും കുടിച്ച മുഹമ്മദ് ഷമിയ്‌ക്കെതിരെ ഓൾ ഇന്ത്യ മുസ്ലീം ജമാ അത്ത്.
ഷമിയുടെ നടപടി ശരിയത്ത് പ്രകാരം കുറ്റകൃത്യമാണ്, ഇതിന് അദ്ദേഹം ദൈവത്തോട് മറുപടി പറയേണ്ടിവരുമെന്നും ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്‌വി ബറേൽവി പറഞ്ഞു.
‘ഇസ്ലാം മത നിയമപ്രകാരം മുസ്ലീങ്ങൾ നോമ്പ് അനുഷ്ഠിക്കുകയെന്നത് വളരെ നിർബന്ധമാണ്. ആരെങ്കിലും അത് മനഃപൂർവം അനുഷ്ഠിക്കുന്നില്ലെങ്കിൽ അത് കൊടും പാപമായാണ് കണക്കാക്കപ്പെടുന്നു.
നോമ്പ് കാലത്ത് വെള്ളം കുടിച്ച ഷമിയുടെ നടപടി ആളുകൾക്കിടയിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കും. അദ്ദേഹം അത് ചെയ്യാൻ പാടില്ലായിരുന്നു. ശരിയത്ത് പ്രകാരം ആയാൾ കുറ്റവാളിയാണ്. അതിന് അദ്ദേഹം ദൈവത്തോട് മറുപടി പറയേണ്ടിവരുമെന്ന്’ മൗലാന ഷഹാബുദ്ദീൻ പറഞ്ഞു.
ചാംപ്യൻസ് ട്രോഫിയ്ക്കിടെ ഇത്തരം ആക്രമണത്തിന് വിധേയനാകുന്ന ആദ്യ ഇന്ത്യൻ താരമല്ല മുഹമ്മദ് ഷമി. നായകൻ രോഹിത് ശർമയ്‌ക്കെതിരെ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് രംഗത്ത് എത്തിയിരുന്നു.
രോഹിത് ശർമ തടിയെനെന്നും കായികതാരത്തിന് ചേർന്ന ശരീരപ്രകൃതിയല്ലെന്നും ഭാരം കുറയ്ക്കേണ്ടതുണ്ട് എന്നുമായിരുന്നു ഷമ പറഞ്ഞത്. ന്യൂസിലൻഡിനെതിരായ മത്സരത്തിന് ശേഷമായിരുന്നു ഷമയുടെ ഇത്തരത്തിലുള്ള പ്രതികരണം. വിവാദമായതിന് പിന്നാലെ ഷമ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു.
മൗലാന ഷഹാബുദ്ദീൻ റസ്‌വി ബറേൽവി നേരത്തെയും നിരവധി വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. പുതുവത്സരം ഇസ്ലാമിക വിരുദ്ധമാണൈന്നും വിശ്വാസികൾ ആഘോഷങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും അഭ്യർഥിച്ചിരുന്നു