തമിഴ്‌നാട് പോലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളിയെ വയനാട്ടിൽ നിന്നുംപിടികൂടി കേരള പോലീസിന്റെ ധീരത. കേരളത്തിലും തമിഴ്‌നാട്ടിലുമായി കൊലപാതകം, ബലാൽസംഗം, പോക്‌സോ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൃഷ്ണഗിരി മൈലമ്പാടി സ്വദേശി എം.ജെ. ലെനിൻ ആണ് പിടിയിലായത്. കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
തമിഴ്‌നാട് പോലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളിയെ വയനാട് പോലീസ് പിടികൂടി.
കേരളത്തിലും തമിഴ്‌നാട്ടിലുമായി കൊലപാതകം, ബലാൽസംഗം, പോക്‌സോ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൃഷ്ണഗിരി മൈലമ്പാടി സ്വദേശി എം.ജെ. ലെനിൻ ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി റ്റി. നാരായണന്റെ നിർദേശപ്രകാരം മേപ്പാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോട്ടയം, കോഴിക്കോട് പോലീസിന്റെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെയും സഹായത്തോടെയായിരുന്നു ഓപ്പറേഷൻ. ഇയാൾ മംഗലാപുരത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു.തമിഴ്‌നാട്ടിൽ ബലാൽസംഗം, കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന ഇയാളെ അമ്പലവയൽ കൂട്ട ബലാൽസംഗക്കേസുമായി ബന്ധപ്പെട്ട നടപടികൾക്കായി ബത്തേരി കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് തമിഴ്‌നാട് പോലീസുകാരിൽ നിന്ന് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് മേപ്പാടി സ്റ്റേഷൻ പരിധിയിലെ കാപ്പംകൊല്ലിയിൽ വെച്ചായിരുന്നു സംഭവം.
തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത ഇരട്ടക്കൊലപാതകക്കേസിൽ 64 വർഷം ശിക്ഷ വിധിക്കപ്പെട്ടയാളാണ് ലെനിൻ. 2022-ൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ എറണാകുളത്തുനിന്ന് തട്ടിക്കൊണ്ടുവന്ന് എടയ്ക്കലിലെത്തിച്ച് കൂട്ടബലാൽസംഗം ചെയ്ത കേസിലും പ്രതിയാണ് ഇയാൾ. അമ്പലവയൽ, സുൽത്താൻ ബത്തേരി, കൽപ്പറ്റ പോലീസ് സ്‌റ്റേഷനുകളിൽ വിവിധ കേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.
എസ്.ഐ ഹരീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ കെ.കെ. വിപിൻ, നൗഫൽ, സി.പി.ഒ സക്കറിയ, ഷാജഹാൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
കടപ്പാട്: കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റ്
#keralapoliceofficial
Read also: പാണഞ്ചേരിയിൽ ഹരിതകർമ്മ സേനയുടെ ബാങ്ക് അക്കൗണ്ടില്‍നിന്നും സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തു; പോയത് ഒന്നരലക്ഷം രൂപ; പ്രതിയെന്നാരോപിക്കുന്ന യുവതി ആത്മഹത്യാ ശ്രമം നടത്തി