തനിക്ക് നഷ്ടപ്പെട്ടതിന്റെ വേദന അവന്തികയ്ക്ക് മാത്രമേ അറിയാമായിരുന്നുള്ളു. അതുകൊണ്ടുതന്നെ അതങ്ങിനെ വിട്ടുകളയാൻ അവൾക്ക് മനസ്സുവന്നില്ല. പാലാരിവട്ടത്തെ വാടകവീട്ടിൽ നിന്ന് ആരോ എടുത്തുകൊണ്ടു പോയ തന്റെ സൈക്കിൾ കണ്ടുപിടിച്ചു തരണം എന്നാവശ്യപ്പെട്ട് പലരെയും സമീപിച്ചെങ്കിലും നടന്നില്ല. ഒടുവിൽ നേരിട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി. അത് ഫലം കണ്ടു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ അവന്തികയ്ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ സമ്മാനം എത്തി, പുതിയ സൈക്കിൾ.
കഴിഞ്ഞദിവസം എറണാകുളം പാലാരിവട്ടം സ്വദേശിനി അവന്തിക മന്ത്രിയ്ക്ക് അയച്ച ഇ മെയിൽ സന്ദേശമാണ് പുതിയൊരു സൈക്കിളിന് വഴിയൊരുക്കിയത്. എറണാകുളം ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ് അവന്തിക. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. പ്ലസ് വണ്ണിന് ഇതേ സ്കൂളിൽ തന്നെ പോകാമെന്ന് കരുതിയിരിക്കുമ്പോഴാണ് തന്‍റെ സൈക്കിൾ മോഷ്ടിക്കപ്പെട്ടത്. പാലാരിവട്ടത്തെ വാടകവീട്ടിൽ നിന്ന് ആരോ സൈക്കിൾ എടുത്തുകൊണ്ടു പോകുകയായിരുന്നു. അയലത്തെ വീട്ടിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ തപ്പിയെടുത്ത് സ്റ്റേഷനിൽ കൊടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
സൈക്കിൾ വേണമെന്ന ആഗ്രഹം പക്ഷെ അവന്തികയ്ക്ക് കളയാനായില്ല. ഇതോടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ഒരു ഇ- മെയിൽ അയച്ചു. തന്‍റെ സൈക്കിൾ കണ്ടു പിടിച്ചുതരണമെന്നായിരുന്നു അവന്തികയുടെ ആവശ്യം. മന്ത്രി ഇടപെട്ടു. ഇതോടെയാണ് അവന്തികയ്ക്ക് പുതിയൊരു സൈക്കിൾ നൽകാൻ തീരുമാനമായത്.കൊച്ചി മേയറാണ് സൈക്കിൾ ഏർപ്പാടാക്കിയത്. സംസ്ഥാന പ്രവേശനോത്സവം നടക്കുന്ന എറണാകുളം എളമക്കര ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സൈക്കിൾ കൈമാറി. തന്റെ ശ്രമങ്ങൾ ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് അവന്തിക.