ശബരിമല: ശബരിമലയിൽ മണ്ഡല പൂജയുടെ ചടങ്ങുകൾക്ക് മുന്നോടിയായി തങ്ക അങ്കി ചാർത്തിയുളള ദീപാരാധന നടന്നു. ഇന്ന് ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ ദേവസ്വം മന്ത്രി വി. എൻ വാസവൻ സ്വീകരിച്ചു. മണ്ഡലപൂജ ചടങ്ങുകൾ നാളെ നടക്കും.(Thanka Anki procession reached in sabarimala)
തുടർന്ന് വൈകിട്ട് അഞ്ചരയോടെ ദേവസ്വത്തിന്‍റെയും വിവിധ വകുപ്പുകളുടെയും പ്രതിനിധി സംഘം സന്നിധാനത്ത് നിന്ന് ശരംകുത്തിയിൽ എത്തി ഘോഷയാത്രയെ സ്വീകരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയിൽ വലിയ നടപ്പന്തലും കടന്ന് സന്നിധാനത്ത് എത്തിയ ഘോഷയാത്ര 6.20 ഓടെയാണ് പതിനെട്ടാം പടി ചവിട്ടിയത്.
കൊടിമര ചുവട്ടിൽ ദേവസ്വം മന്ത്രി വിഎൻ വാസവന്‍റെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്തിന്‍റെയും നേതൃത്വത്തിൽ പേടകം ഏറ്റുവാങ്ങി തന്ത്രിക്കും മേൽശാന്തിക്കും കൈമാറി. തുടർന്ന് 6.30 ഓടെ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാർത്തി ദീപാരാധന നടന്നു.
ദീപാരാധനയ്ക്ക് ശേഷം ഭക്തരെ പതിനെട്ടാം പടി കയറ്റി തുടങ്ങി. ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് തങ്ക അങ്കി ചാർത്തിയുള്ള ദർശനത്തിനായി കാത്തു നിൽക്കുന്നത്. നാളെ ഉച്ചയ്ക്ക് 12 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് മണ്ഡലപൂജ ചടങ്ങുകള്‍ നടക്കുക.