ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ തമിഴ്നാട് പൊലീസിന്റെ ഭീകരവിരുദ്ധ സേന പിടികൂടിയത്. ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരനാണു ഇയാൾ.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയിൽ നിന്ന് അബൂബക്കർ സിദ്ദിഖ് പിടിയിലായത്.
അബൂബക്കറിനെ പിടികൂടാനായത് നിര്‍ണായക നേട്ടമാണെന്ന് എന്‍ഐഎയും തമിഴ്നാട് പൊലീസും അറിയിച്ചിട്ടുണ്ട്. തമിഴ്നാട് നാഗൂർ സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖ് 1995 മുതല്‍ ഒളിവില്‍ കഴിയുകയായിരുന്നു.
നിരോധിത സംഘടനയായ തമിഴ്നാട്ടിലെ അൽ-ഉമ അടക്കമുള്ള സംഘടനകളിലേക്ക് റിക്രൂട്ട്മെൻ്റ് നടത്തിയ കേസിൽ പ്രതിയാണ് ഇയാൾ.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി ഒട്ടേറെ സ്ഫോടന കേസുകളിൽ പ്രതിയാണ് അബൂബക്കർ സിദ്ദിഖ്. 2012ലെ വെല്ലൂർ അരവിന്ദ് റെഡ്ഡി കൊലപാതകം, 2013ൽ ബെംഗളുരുവിലെ മല്ലേശ്വരം ബിജെപി ഓഫിസ് സ്ഫോടനം,
1999ലെ ബെംഗളൂരു സ്‌ഫോടനം, 2011ൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിയുടെ രഥയാത്രയെ ലക്ഷ്യമിട്ട് മധുരയിലുണ്ടായ പൈപ്പ് ബോംബ് സ്ഫോടനം, 1991ലെ ചെന്നൈ ഹിന്ദു മുന്നണി ഓഫിസ് സ്‌ഫോടനം തുടങ്ങിയ കേസുകളിൽ പ്രതിയാണ്.
നാഗൂരിലുണ്ടായ പാഴ്സൽ ബോംബ് സ്ഫോടനം, 1997ൽ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ അടക്കം ഏഴ് സ്ഥലങ്ങളിലുണ്ടായ സ്ഫോടനം, ചെന്നൈ എഗ്മൂർ പൊലീസ് കമ്മിഷണർ ഓഫിസ് സ്ഫോടനം, തുടങ്ങി നിരവധി ബോംബ് സ്ഫോടന കേസുകളുടെ സൂത്രധാരനുമാണ്.
അബൂബക്കറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന മുഹമ്മദ് അലിയെയും തമിഴ്നാട് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാൾ 1999 മുതൽ ഒളിവിലായിരുന്നു.
Summary:
Abubakkar Siddiq (60), a wanted terrorist, was arrested by the Tamil Nadu Anti-Terrorism Squad from a hideout in Andhra Pradesh