കുഞ്ഞുമനസ്സ് നോവിക്കാനാകില്ല; കൂട്ടുകാരന്‍റെ വിയോഗം മറച്ചുവെച്ച് കുട്ടികളോട് ഓർമ്മക്കുറിപ്പ് എഴുതിപ്പിച്ച അധ്യാപിക
കുഞ്ഞു വിഷമങ്ങൾ പോലും പിഞ്ചുമനസ്സുകളിൽ വലിയ മുറിവുകൾ സൃഷ്ടിക്കും. അപ്പോൾ പ്രിയപ്പെട്ട കൂട്ടുകാരന്‍റെ മരണം അറിയിക്കേണ്ടി വന്നാൽ ആ വേദന എത്രത്തോളം ആഴത്തിലാകുമെന്ന ചിന്തയാണ് ഒരു അധ്യാപികയെ അസാധാരണമായൊരു തീരുമാനത്തിലേക്ക് നയിച്ചത്.
ചൈനയിലെ അൻഹുയി പ്രവിശ്യയിലെ ഹുനാൻ സിറ്റിയിലെ ഒരു പ്രൈമറി സ്കൂളിലാണ് ഹൃദയസ്പർശിയായ സംഭവം അരങ്ങേറിയത്.
കഴിഞ്ഞ ഡിസംബർ 11-ന് അധ്യാപികയുടെ ക്ലാസിലെ മൂന്നാം ക്ലാസുകാരനായ വിദ്യാർത്ഥി അസുഖബാധയെ തുടർന്ന് മരണപ്പെട്ടു.
രണ്ട് വർഷമായി അവനെ പഠിപ്പിച്ചിരുന്ന അധ്യാപികയ്ക്ക് ഈ വിയോഗവാർത്ത മറ്റു കുട്ടികളോട് എങ്ങനെ അറിയിക്കണമെന്നത് വലിയ മാനസിക സംഘർഷമായി.
ബീച്ചിലെ ജിപ്‌സി ഡ്രിഫ്റ്റിങ് മരണക്കളിയായി; 14 വയസുകാരന് ദാരുണാന്ത്യം, നടുക്കുന്ന ദൃശ്യങ്ങൾ
‘സ്കൂൾ മാറിപ്പോയി’ എന്ന ചെറിയ കള്ളം
കുട്ടികളുടെ മനസ്സിന് താങ്ങാനാകാത്ത ദുഃഖം ഉണ്ടാകാതിരിക്കാൻ അധ്യാപിക വേദനകരമായ സത്യം മറച്ചുവെച്ചു.
അസുഖം കാരണം ആ കുട്ടി മറ്റൊരു സ്കൂളിലേക്ക് മാറിപ്പോയെന്നാണ് അവർ സഹപാഠികളോട് പറഞ്ഞത്.
സ്റ്റ്രീറ്റ് ഡാൻസിലും ഇംഗ്ലീഷിലും കഴിവ് തെളിയിച്ചിരുന്ന ആ കുട്ടി കൂട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു.
സ്നേഹത്തിന്‍റെ കത്തുകൾ
കൂട്ടുകാരൻ സ്കൂൾ മാറിയെന്ന വിശ്വാസത്തിൽ കുട്ടികളോട് അവനുള്ള യാത്രയയപ്പ് കത്തുകൾ എഴുതാൻ അധ്യാപിക ആവശ്യപ്പെട്ടു.
സ്നേഹവും ഓർമ്മകളും നിറഞ്ഞ കുറിപ്പുകളാണ് കൊച്ചു കുട്ടികൾ തയ്യാറാക്കിയത്.
“പുതിയ സ്കൂളിൽ സന്തോഷമായി ഇരിക്കണം”, “വീണ്ടും ഒരുമിച്ച് കളിക്കണം” എന്നിങ്ങനെ ഹൃദയം തൊടുന്ന സന്ദേശങ്ങളോടൊപ്പം പഴങ്ങളുടെ ആകൃതിയിലുള്ള ഇറേസറുകളും കാർഡുകളും അവർ സമ്മാനമായി ഒരുക്കി.
മാതാപിതാക്കൾക്ക് കൈമാറിയ ഓർമ്മകൾ
അധ്യാപിക ഈ കത്തുകളും സമ്മാനങ്ങളും സൂക്ഷ്മമായി ശേഖരിച്ചു, പൂക്കളോടൊപ്പം മനോഹരമായി പാക്ക് ചെയ്ത് ആ കുട്ടിയുടെ മാതാപിതാക്കൾക്ക് കൈമാറി.
മകന്‍റെ ഓർമ്മകളായി മാറിയ ആ സ്നേഹക്കുറിപ്പുകൾ മാതാപിതാക്കളെ കണ്ണീരിലാഴ്ത്തി.
പിഞ്ചുമനസ്സുകളെ ആഴത്തിലുള്ള ദുഃഖത്തിൽ നിന്ന് സംരക്ഷിച്ച അധ്യാപികയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിന്ന് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.
English Summary
A primary school teacher in Anhui province, China, touched hearts by shielding her students from the pain of losing a classmate. After a third-grade student passed away due to illness, the teacher told the children that their friend had transferred to another school. She then encouraged them to write farewell letters filled with love and memories. These letters and small gifts were later handed over to the child’s parents, earning widespread praise online for the teacher’s compassion and emotional sensitivity.









