ഡ്രൈ ഡേ ലക്ഷ്യം വച്ച് സൂക്ഷിച്ചിരുന്ന 150 കുപ്പി വിദേശമദ്യം വടക്കാഞ്ചേരി പോലീസ് പിടിച്ചെടുത്തു. തൃശ്ശൂർ ജില്ലയിലെ കുണ്ടന്നൂരിൽ ആയിരുന്നു വൻ വിദേശമദ്യവേട്ട നടന്നത്. കുണ്ടന്നൂർ മേക്കാട്ടുകുളം കൊച്ചു പോളിന്റെ വീടിനുമുന്നിലുള്ള പറമ്പിലാണ് ചാക്കിലാക്കി കുഴിച്ചിട്ട നിലയിൽ അര ലിറ്ററിന്റെ 150 ബോട്ടിൽ പിടികൂടിയത്. ഒന്നാം തീയതിയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന നാലാം തീയതിയും ഡ്രൈ ഡേ ആയതിനാൽ ഈ ദിവസങ്ങളിൽ വിൽക്കുന്നതിനായി എത്തിച്ച മദ്യമാണിതെന്ന്പോലീസ് പറഞ്ഞു. മദ്യം പിടിച്ചെടുത്തതോടെ പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വടക്കാഞ്ചേരി സിഐ റിജിൻ എം തോമസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
