കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു
ഇടുക്കി കോട്ടയം അതിർത്തിയിൽ ടാപ്പിങ് തൊഴിലാളി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ(64) ആണ് മരിച്ചത്.
ചൊവാഴ്ച രാവിലെ 10.30ഓടെ പെരുവന്താനം പഞ്ചായത്തിലെ മതമ്പയിലുള്ള കൊണ്ടോടി എസ്റ്റേറ്റിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. റബർ തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിങ് നടത്തുന്നയാളാണ് പുരുഷോത്തമൻ.
മകനൊപ്പം ടാപ്പിങ് ചെയ്യുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. മകന് നേരെ കാട്ടാന പാഞ്ഞെത്തിയെങ്കിലും ഓടി രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ പുരുഷോത്തമനെ ആക്രമിക്കുകയായിരുന്നു.
വിദ്യാർഥികളുടെ വഴി തടഞ്ഞ് കാട്ടാനക്കൂട്ടം
തൊടുപുഴ: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോയ വിദ്യാർഥികളുടെ വഴി തടഞ്ഞ് കാട്ടാനക്കൂട്ടവും ഒറ്റയാനും. ഇടുക്കി ശാന്തന്‍പാറ കോഴിപ്പനക്കുടിയിലെ രവിയുടെ മക്കളായ പവിത്ര, രഞ്ജിത്ത്, രാജപ്രഭുവിന്റെ മകന്‍ കാര്‍ത്തി എന്നിവരാണ് കാട്ടാനകള്‍ റോഡിലിറങ്ങിയത് മൂലം വീട്ടില്‍ പോകാന്‍ കഴിയാതെ പ്രതിസന്ധിയിലായത്.
സേനാപതിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍. പന്നിയാര്‍ വരെ സ്‌കൂള്‍ ബസില്‍ എത്തിയ ശേഷം ഒന്നര കിലോമീറ്റര്‍ നടന്നു വേണം ഇവര്‍ക്ക് കോഴിപ്പനക്കുടിയിലെ ഇവരുടെ വീട്ടിലെത്താന്‍.
വൈകുന്നേരം കുട്ടികള്‍ പന്നിയാറില്‍ എത്തും മുന്‍പ് റോഡില്‍ കാട്ടാനയുണ്ടോ എന്ന് അന്വേഷിക്കാന്‍ പോയ കോഴിപ്പനക്കുടി സ്വദേശികളും ഇവരുടെ ബന്ധുക്കളുമായ ജയകുമാര്‍, കണ്ണന്‍ എന്നിവരെയും കാട്ടാനക്കൂട്ടം ഓടിച്ചിരുന്നു.
കഷ്ടിച്ചാണ് ഇവര്‍ ആനകളിൽ നിന്നും രക്ഷപ്പെട്ടത്. വൈകിട്ട് നാലരയോടെ പന്നിയാറില്‍ എത്തിയ കുട്ടികളുടെ വഴിമുടക്കി കാട്ടാനക്കൂട്ടം റോഡില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു.
നാട്ടുകാര്‍ പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടാനകളെ തുരത്തിയശേഷം ആറരയോടെയാണ് കുട്ടികള്‍ വീടുകളില്‍ എത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോഴും പ്രദേശത്ത് 5 പിടിയാനകളുടെ കൂട്ടവും ചക്കക്കൊമ്പനും ഈ പ്രദേശത്ത് ഉണ്ടായിരുന്നു.
കോഴിപ്പനക്കുടിയില്‍ നിന്നും ഒരു കിലോമീറ്റര്‍ അധികം ദൂരെയുള്ള പന്തടിക്കളത്തെ അംഗന്‍വാടിയില്‍ കാട്ടാനകളെ പേടിച്ച് കോഴിപ്പനക്കുടിയിലെ കുട്ടികള്‍ അങ്കണവാടിയില്‍ പോകാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
കാട്ടാന വന്നാൽ കലപിലകൂട്ടും, ഒപ്പം കടുവയുടെ അലർച്ചയും; വന്യമൃഗങ്ങളെ തുരത്താൻ കണ്ണൻദേവൻ കമ്പനിയുടെ സമ്മാനം
കൊച്ചി : നാട്ടിലും കൃഷിയിടങ്ങളിലുമെത്തുന്ന കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ പുത്തൻ കെണിയുമായി വനംവകുപ്പ്. കടുവ ഇരപിടിക്കുമ്പോൾ വനത്തിൽ മറ്റുജീവികളുണ്ടാക്കുന്ന ശബ്ദകോലാഹലം കൃത്രിമമായി സൃഷ്ടിക്കും.
ഇതുകേട്ടാൽ കാട്ടാനക്കൂട്ടം മാറിപ്പോകും. പരീക്ഷണാർഥം പ്രയോജനകരമാണെന്നു കണ്ടതിനെത്തുടർന്നു വ്യാപകമായി ഉപയോഗിക്കാനാണു വനംവകുപ്പ് ആലോചിക്കുന്നത്.
കണ്ണൻദേവൻ കമ്പനി ബംഗളുരുവിൽനിന്നു വരുത്തിച്ചു വനംവകുപ്പിനു കൈമാറിയതാണു ഈ ഇലക്ട്രിക് ഉപകരണം. നിലവിൽ ഇടുക്കി മൂന്നാർ, ഇരവികുളം മേഖലയിലാണു ഇത്തരത്തിൽ ഉപകരണം പ്രവർത്തിപ്പിക്കുന്നത്.
കടുവ സമീപത്തെത്തി എന്ന് ആദ്യം അറിയുന്നതു പക്ഷികൾ, കുരങ്ങ് പോലുള്ള ചെറിയ ജീവികളാണ്. ആ സമയത്തു അവ കൂട്ടത്തോടെ പേടിച്ചു ശബ്ദമുണ്ടാക്കി ആന ഉൾപ്പടെ മറ്റു മൃഗങ്ങൾക്കു മുന്നറിയിപ്പു നൽകുന്നു.
കുട്ടിയാനകളുടെ ജീവനു പ്രധാന ഭീഷണി കടുവകളിൽനിന്നാണ്. അതിനാൽ, കുട്ടിയാന ഒപ്പമുള്ള കാട്ടാനക്കൂട്ടം ഈ മുന്നറിയിപ്പു കേൾക്കുന്നതോടെ അവിടം വിട്ടു മറ്റു കാട്ടിലേക്കു പോകും.
കാട്ടാനക്കൂട്ടം നാട്ടിലിറങ്ങിയെന്നു അറിയുമ്പോൾ ഉപകരണം വനപാലകർ അമ്പതുമീറ്റർ അകലെയാണ് വെയ്ക്കുന്നത്. 15 മിനിറ്റു വരെ നീളുന്ന ശബ്ദത്തിൽ കടുവയുടെ അലറലും പിടിയിലാകുന്ന ജീവിയുടെ നിലവിളിയും ഉൾപ്പെടെയുണ്ട്.
ഇതു കേൾക്കുന്നതോടെ കാട്ടാനകൾ ഒന്നിച്ചു മാറിപ്പോകുന്നതു പതിവാണെന്ന് വനപാലകൾ പറയുന്നു. ഏറെദൂരെ നിന്നുപോലും ഈ ശബ്ദം തിരിച്ചറിയാൻ മൃഗങ്ങൾക്കു കഴിയുന്നു.
ഒന്നര കിലോഗ്രാം മാത്രം ഭാരമുള്ള ഈ ഇലക്ട്രിക് ഉപകരണം സോളാർ വൈദ്യുതിയിലും ചാർജ് ചെയ്യാം. ഒരു ദിവസം ചാർജ് നിലനിൽക്കും.