ആഗോള അയ്യപ്പ സംഗമത്തില്‍ എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല
ചെന്നൈ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ലെന്ന് വിവരം. പകരം പരിപാടിയുള്ളതിനാലാണ് സ്റ്റാലിന് പങ്കെടുക്കാന്‍ സാധിക്കാത്തതെന്നാണ് വിശദീകരണം.
പകരം മന്ത്രിമാരെ അയക്കാമെന്നും സ്റ്റാലിന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു, ഐടി മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് സ്റ്റാലിന്‍ അറിയിച്ചിട്ടുള്ളത്.
സംസ്ഥാന ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ചെന്നൈയിലെത്തിയാണ് എം കെ സ്റ്റാലിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. കേരളത്തില്‍ നിന്ന് ദേവസ്വം സെക്രട്ടറി എംജി രാജമാണിക്യം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ പി.സുനില്‍ കുമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം ആണ് മന്ത്രി വാസവന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിച്ചത്.
ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായിട്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഗോള അയ്യപ്പ സംഗമത്തെ വിഭാവനം ചെയ്തിരിക്കുന്നത്.
ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 20ന് പമ്പാ തീരത്തു വെച്ചാണ് അയ്യപ്പ സംഗമം നടക്കുക.
സംഗമത്തിൽ കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
Summary: Tamil Nadu Chief Minister MK Stalin will not attend the Global Ayyappa Summit organized by the Travancore Devaswom Board due to another engagement. Instead, he has informed that state ministers may represent him.