ചെന്നൈ: ലഹരിക്കേസിൽ തമിഴ് നടൻ കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. നടൻ ശ്രീകാന്ത് ഉൾപ്പെട്ട ലഹരിക്കേസിലാണ് നടപടി. കൃഷ്ണയുടെ സുഹൃത്ത് കെവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റു ചെയ്തത്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ കൃഷ്ണ സജീവമായിരുന്നുവെന്നും ചാറ്റുകളിലൂടെ മയക്കുമരുന്ന് ഉപയോഗിക്കുന്ന സമയത്തെയും സ്ഥലത്തെയും കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.
വിപുലമായ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റെന്നും പൊലീസ് അറിയിച്ചു. മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിലായതിന് പിന്നാലെ കൃഷ്ണ ഒളിവിൽ പോയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വീര, മാരി 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് നടൻ കൃഷ്ണ.
നേരത്തെ മയക്കുമരുന്ന് കടത്തിന് എഐഎഡിഎംകെ മുൻ എക്സിക്യൂട്ടീവ് അംഗം പ്രസാദ്, ഘാന സ്വദേശി ജോൺ, സേലം സ്വദേശി പ്രദീപ് എന്നിവരെ നുങ്കമ്പാക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരിൽ പ്രസാദ് ആണ് ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയതായി മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്. ഇവരിൽ നിന്ന് നടൻ ശ്രീകാന്ത് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായും തെളിഞ്ഞിരുന്നു.
തുടർന്ന് ശ്രീകാന്തിനെ ചോദ്യം ചെയ്തപ്പോൾ കഴിഞ്ഞ ഒരു വർഷത്തോളമായി നടൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ശ്രീകാന്തിനെതിരെ നാലു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയെന്ന് അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചിരുന്നു. 43 തവണയായി അഞ്ച് ലക്ഷം രൂപയ്ക്ക് ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയതായാണ് സൂചന.
മയക്കുമരുന്ന് വാങ്ങിയതിന്റെ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാട് വിവരങ്ങൾ, വിൽപ്പനക്കാരുമായുള്ള മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്.
Summary: Tamil actor Krishna has been arrested by the police in connection with a drug case that also involves actor Srikanth. Krishna’s friend Kevin was also taken into custody.