കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കങ്ങള്‍ പരിഹാരമില്ലാതെ തുടരുന്നു. എറണാകുളം-അങ്കമാലി അതിരൂപതക്ക് കീഴിലെ നാല് വിമത വൈദികർക്കെതിരായ അച്ചടക്ക നടപടിയെ വിമർശിച്ച് അതിരൂപത സംരക്ഷണ സമിതി രംഗത്ത്.
ബസിലിക്കയിലെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ഫാദര്‍ വര്‍ഗീസ് മണവാളന്‍, ഫാ. ജോഷി വേഴപ്പറമ്പില്‍, ഫാ. തോമസ് വാളൂക്കാരന്‍, ഫാ. ബെന്നി പാലാട്ടി എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തത്. സഭയിലെ വിമത പ്രവര്‍ത്തനത്തിന്റെ പേരിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ ഉത്തരവാദിത്തങ്ങള്‍ ശരിയായി നിര്‍വഹിക്കാതെ കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും കാറ്റില്‍ പറത്തുന്ന അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂരിന്‍റെ ഭരണം വലിയ പരാജയമായതിനാല്‍ സ്ഥാനം രാജിവെക്കണമെന്നാണ് സംരക്ഷണസമിതി ആവശ്യപ്പെടുന്നത്.
നാല് വൈദികർക്കെതിരെ കാനോനിക നിയമങ്ങള്‍ ലംഘിച്ച്അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററും കൂരിയ അംഗങ്ങളും ചേര്‍ന്ന് നൽകിയ ഭീഷണിക്കത്ത് ധാര്‍ഷ്ട്യത്തിന്‍റെ തെളിവാണെന്ന് സംരക്ഷണ സമിതി പറയുന്നു. സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും ക്രിസ്മസ് നാളുകളില്‍ ഇടവകകളിലെ ശാന്തമായ അന്തരീക്ഷം തകര്‍ക്കാനാണ് മാര്‍ ബോസ്കോയും കൂരിയയും ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
മാര്‍ ബോസ്കോയുടെ ഉത്തരവുകളില്‍ നീതിനിഷേധം ഉള്ളതുകൊണ്ട് അവ അനുസരിക്കാന്‍ വൈദികര്‍ക്കോ വിശ്വാസികള്‍ക്കോ ബാധ്യതയില്ലെന്നാണ് സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറയുന്നത്.
ഏകീകൃത കുർബാന നടപ്പാക്കുന്നത് സംബന്ധിച്ച അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുകൾ ലംഘിച്ചതിനാണ് 4 വൈദികർക്കെതിരെ നടപടി എടുത്തത്. മറ്റൊരു ഉത്തരവു വരുന്നത്വരെ നിലവിലെ പള്ളികളിൽ താമസിക്കുന്നത് വിലക്കിയിട്ടുമുണ്ട്. തൃക്കാക്കര വിജോഭവൻ, പൊതി സാന്തോം ഭവൻ, കലൂർ റിന്യൂവൽ സെന്‍റർ എന്നിവിടങ്ങളിലേക്ക് മാറിത്താമസിക്കാനാണ് നിർദേശം. ഇതിന് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയാൽ കൂടുതൽ കർശന നടപടികളിലേക്ക് നീങ്ങും എന്ന മുന്നറിയിപ്പും ഇതോടൊപ്പം നൽകിയിട്ടുണ്ട്.