പ്ലാറ്റ്ഫോം ഫീ വീണ്ടും ഉയർത്തി സ്വിഗ്ഗി
വീണ്ടും പ്ലാറ്റ്ഫോം ഫീസ് ഉയർത്തി ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനമായ സ്വിഗ്ഗി. മൂന്നാഴ്ചക്കിടെ ഇത് മൂന്നാം തവണ സ്വിഗ്ഗി പ്ലാറ്റ്ഫോം ഫീസ് ഉയർത്തുന്നത്.
വിവിധ ആഘോഷങ്ങളുടെ സീസണായതിനാൽ പരമാവധി ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ തീരുമാനം.
ഒരു ഓർഡറിന് 15 രൂപയാണ് പുതിയതായി ഉയർത്തിയ പ്ലാറ്റ്‌ഫോം ഫീസ്. കഴിഞ്ഞ മാസം 16 ന് ഫീസ് 12 രൂപയാക്കി ഉയർത്തിയിരുന്നു. പിന്നീടത് 14 രൂപയാക്കി വീണ്ടും വർധിപ്പിച്ചു. ഈ തുകയാണ് വീണ്ടും വർധിപ്പിച്ച് 15 ആക്കിയത്.
2023 ഏപ്രിലിൽ പ്ലാറ്റ്‌ഫോം ഫീസ് ആദ്യമായി ഒരു ഓർഡറിന് 2 രൂപ എന്ന നിരക്കിൽ അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കുതിച്ചുചാട്ടമാണിത്. പ്രതിദിനം 20 ലക്ഷത്തിലധികം ഓർഡറുകളാണ് സ്വിഗ്ഗി പ്രോസസ് ചെയ്യുന്നത്.
അതായത്, പ്രതിദിനം ഏകദേശം 3 കോടി രൂപയും വർഷാവാവസാനം 216 കോടിയും ഇതിലൂടെ കമ്പനി വരുമാനം നേടും.
അതേസമയം സീസണൽ ഡിമാൻഡ് വർദ്ധനവിന് അനുസരിച്ച് മറ്റൊരു പ്രമുഖ ഡെലിവറി സ്ഥാപനമായ സൊമാറ്റോയും ഫീസ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ഓർഡറിന് 10 ൽ നിന്ന് 12 രൂപ ആയിട്ടാണ് പ്ലാറ്റ്ഫോം ഫീസ് ഉയർത്തിയത്.
എന്നാൽ വർദ്ധിച്ചുവരുന്ന സാമ്പത്തിക നഷ്ടം നികത്താനാണ് ഈ ഫീസുയർത്തൽ എന്നാണ് വിദഗ്ധർ പറയുന്നത്. 2026 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ സ്വിഗ്ഗിയുടെ അറ്റനഷ്ടം ഏകദേശം 1,197 കോടിയാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.
സപ്ലൈകോയില്‍ ഇന്ന് ഉത്രാടദിന വിലക്കുറവ്
തിരുവനന്തപുരം: സപ്ലൈകോയിൽ ഉത്രാടദിനമായ സെപ്റ്റംബർ നാലിന് സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാകും. തെരഞ്ഞെടുത്ത സബ്സിഡി ഇതര സാധനങ്ങൾക്ക്, സെപ്റ്റംബർ നാലിന് 10% വരെയാണ് വിലക്കുറവ് ലഭിക്കുക.
ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയിൽ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമെയാണ് വിലക്കുറവ് ലഭ്യമാക്കുക. അരി, എണ്ണ, സോപ്പ്, നെയ്യ്, ഡിറ്റർജെന്റുകൾ, ശബരി ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ലഭിക്കും.
സപ്ലൈകോ ഓണച്ചന്തകൾക്ക് പുറമെ മാവേലി സ്റ്റോർ, മാവേലി സൂപ്പർ സ്റ്റോർ, സൂപ്പർ മാർക്കറ്റുകൾ എന്നിങ്ങനെയുള്ള എല്ലാ വില്പനശാലകളിലും ഉത്രാടദിന വിലക്കുറവ് ഉണ്ടാകും.
13 ഇന സബ്സിഡി സാധനങ്ങളും പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും സപ്ലൈകോ ഔട്ട്ലെറ്റുകളിലും ഓണച്ചന്തകളിലും ലഭ്യമാണ്.
തെരഞ്ഞെടുത്ത നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് 50% വരെ വിലക്കുറവ് സെപ്റ്റംബർ നാലു വരെ നൽകും.
Summary: Swiggy hikes platform fee again, marking the third increase in three weeks. The food delivery giant raised charges during the festive season to maximize profits.