മലപ്പുറം: പട്ടാപ്പകൽ ദമ്പതികളെ മയക്കി കിടത്തിയ ശേഷം ആറ് പവൻ സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം വളാഞ്ചേരി കോട്ടപ്പുറത്ത് ആണ് സംഭവം. തൃശൂർ വാടാനപ്പള്ളി സ്വദേശി ബാദുഷയെ തിരുവനന്തപുരത്തു നിന്നാണ് പിടികൂടിയത്.
വളാഞ്ചേരി കോട്ടപ്പുറം കോഞ്ചത്ത് ചന്ദ്രൻ, ഭാര്യ ചന്ദ്രമതി എന്നീ വൃദ്ധ ദമ്പതികളെയാണ് മയക്കി കിടത്തിയ ശേഷം മോഷണം നടത്തിയത്. ട്രെയിൻ യാത്രക്കിടെ സൗഹൃദം സ്ഥാപിച്ചാണ് യുവാവ് വീട്ടിലെത്തി കവർച്ച നടത്തിയത്.
മുട്ടുവേദനയുടെ ചികിത്സയ്ക്കായി കൊട്ടാരക്കരയിൽ പോയി മടങ്ങും വഴി ട്രെയിനിൽവച്ച് കണ്ടുമുട്ടിയ ഇയാൾ നേവി ഉദ്യോഗസ്ഥൻ ആണെന്നാണ് പരിചയപ്പെടുത്തിയത്.
തുടർന്ന് നാവിക സേനയുടെ ആശുപത്രി വഴി ചികിത്സ ലഭ്യമാക്കാമെന്ന് ദമ്പതികളെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിറ്റേദിവസം എല്ലാം ശരിയായെന്നു പറഞ്ഞ് ചികിത്സയുടെ രേഖകള്‍ ശേഖരിക്കാന്‍ എന്നവ്യാജേനയാണ് ഇയാൾ കവർച്ചയ്ക്ക് എത്തിയത്.
തുടർന്ന് ഇയാൾ ജ്യൂസിൽ ഗുളിക ചേർത്ത് നൽകി ദമ്പതികളെ മയക്കി കിടത്തി കവർച്ച നടത്തുകയായിരുന്നു. ബോധം തെളിഞ്ഞതോടെ ഇവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.