സുശീല കാര്‍ക്കി നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രി
കാഠ്മണ്ഡു: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാകും. ഇന്നു (വെള്ളിയാഴ്ച) രാത്രി ഒമ്പത് മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നേപ്പാള്‍ പ്രസിഡന്റ് രാം ചന്ദ്ര പൗദല്‍, സൈനിക മേധാവി അശാക് രാജ് സെഗ്‌ദെല്‍, ജെന്‍ സീ പ്രക്ഷോഭത്തിന്റെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് സുശീല കാര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
അധികാരമേറ്റതിന് ശേഷം സുശീല കാര്‍ക്കര്‍ ഇടക്കാല മന്ത്രിസഭയ്ക്ക് രൂപംകൊടുക്കുമെന്നാണ് വിവരം.
മന്ത്രിസഭയുടെ ആദ്യയോഗം ഇന്നുരാത്രി തന്നെ നടന്നേക്കും. യോഗത്തില്‍ നേപ്പാള്‍ പാര്‍ലമെന്റിനെയും പ്രവിശ്യാ സര്‍ക്കാരുകളെയും നിയമസഭകളെയും പിരിച്ചുവിടാനുള്ള തീരുമാനവും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അധികാരമേറ്റാല്‍ രാജ്യത്ത് സമാധാനം പുനഃസ്ഥാപിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും പുതിയ സര്‍ക്കാരിന് അധികാരം കൈമാറുമെന്നും സുശീല കാര്‍ക്കി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
സുശീല കാര്‍ക്കിക്ക് പുറമെ എന്‍ജിനീയര്‍ കുല്‍മന്‍ ഘുല്‍സിങ്, കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ എന്നിവരുടെ പേരും ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുറത്തുവന്നിരുന്നു.
എന്നാല്‍ ബാലേന്ദ്ര ഷാ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുശീല കാര്‍ക്കിയെ പിന്നീട് പിന്തുണച്ചിരുന്നു.
സാമൂഹിക മാധ്യമ നിരോധനത്തിനും അഴിമതിക്കും എതിരെയാണ് നേപ്പാളില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. യുവാക്കള്‍ നടത്തിയ പ്രക്ഷോഭത്തിനൊടുവില്‍ നേപ്പാള്‍ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തായിരുന്നു.
സംഘര്‍ഷത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഇടക്കാല സര്‍ക്കാരിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ രണ്ടുദിവസമായി നടന്നു വരികയായിരുന്നു.
നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു
കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ സി വിപ്ലവത്തിനൊടുവിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെ.പി. ശർമ ഒലി രാജിവച്ചു. അഴിമതിക്കും ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെ 26 സാമൂഹികമാധ്യമങ്ങൾ നിരോധിച്ച സർക്കാർ നടപടിക്കുമെതിരെയാണ് യുവാക്കളുടെ പ്രക്ഷോഭം.
പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികളടക്കം പ്രക്ഷോഭകർ അഗ്നിക്കിരയാക്കിയിരുന്നു. പ്രക്ഷോഭം കലാപമായി മാറിയതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെ.പി ശർമ ഒലി രാജിവച്ചത്.
പ്രക്ഷോഭം കടുക്കുകയും, പാർലമെൻ്റ് മന്ദിരം, നേതാക്കളുടെ വസതികൾ എന്നിവയുൾപ്പെടെ നിരവധി സുപ്രധാന ഓഫീസുകൾ പ്രക്ഷോഭകർ തകർക്കുകയും പ്രതിഷേധം മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
പ്രക്ഷോഭത്തിന്റെ തുടക്കം
നേപ്പാളിലെ യുവാക്കൾക്കിടയിൽ വ്യാപകമായ അസന്തോഷത്തിനും കോപത്തിനും വഴിവെച്ചത് സർക്കാർ എടുത്ത 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ നിരോധനമായിരുന്നു.
ഫെയ്‌സ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകൾ നിരോധിച്ചതോടെ രാജ്യത്തെ വിദ്യാർത്ഥികളും തൊഴിലാളികളും ചെറുപ്പക്കാരും തെരുവിലിറങ്ങി.
‘ജെൻ സി വിപ്ലവം’ എന്ന പേരിൽ ആരംഭിച്ച പ്രതിഷേധം ആദ്യം സമാധാനപരമായിരുന്നു. എന്നാൽ, പ്രതിഷേധക്കാരെ ശക്തമായി അടിച്ചമർത്താൻ പോലീസ് നീങ്ങിയപ്പോൾ സ്ഥിതി നിയന്ത്രണാതീതമായി.
Summary: Former Supreme Court Chief Justice Sushila Karki is set to become the interim Prime Minister of Nepal, with the oath-taking ceremony scheduled for Friday night at 9 PM.