മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുത് സ്വയം ജീവനൊടുക്കിയത് തന്നെയെന്ന് അന്വേഷണ റിപ്പോർട്ട്.
സിബിഐ സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് നടൻ ആത്മഹത്യ ചെയ്തത് തന്നെയെന്ന് വ്യക്തമാക്കുന്നത്.
മരണത്തിൽ ദുരൂഹതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പുതിയ കണ്ടെത്തൽ.
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സിബിഐ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2020 ജൂൺ 14 ന് ആണ് മുപ്പത്തിനാലുകാരനായ സുശാന്തിനെ മുംബൈയിലെ വീട്ടലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് മുംബൈ പൊലീസ് ആദ്യം കണ്ടെത്തിയിരുന്നെങ്കിലും അന്വേഷണത്തിൽ അട്ടമിറിയുണ്ടായെന്ന് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണത്തെത്തുടർന്ന് കേസ് കൈമാറുകയായിരുന്നു.
ആദ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നീ ഏജൻസികളും ഈകേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് കേസ് സി ബി ഐക്ക് കൈമാറിയത്.
1986ൽ ബിഹാറിലെ പാട്‍നയിലാണ് സുശാന്ത് ജനിച്ചത്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് അഭിനയജീവിതം തുടങ്ങിയത്.
പത്തിലേറെ ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി’, പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാർനാഥ്, ചിച്ചോറെ തുടങ്ങിയവയാണ് പ്രധാന സിനിമകൾ.
ബോളിവുഡിനെയാകെ പിടിച്ചുലച്ച സംഭവമായിരുന്നു സുശാന്ത് സിംഗിന്റെ മരണവും തുടർന്നുണ്ടായ ആരോപണങ്ങളും.
ബോളിവുഡിലെ വിവേചനമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് ചൂണ്ടിക്കാട്ടി താരങ്ങളടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.
മരണത്തെ പറ്റിയുള്ള അന്വേഷണം റിയയിലേക്കും നീങ്ങി. മരിക്കുന്നതിന് മുൻപ് രാത്രി സുശാന്ത് റിയായെ ഫോണിൽ വിളിക്കാൻ ശ്രമിച്ചിരുന്നെന്നും പക്ഷേ കിട്ടിയില്ലെന്നും പൊലീസ് കണ്ടെത്തി.
എന്നാൽ അവസാന നാളുകളിൽ തങ്ങൾ പിരിഞ്ഞിരുന്നുവെന്നായിരുന്നു റിയ നൽകിയ മൊഴി. ഈ അന്വേഷണം പിന്നീട് ബോളിവുഡിലെ ഉന്നതരിലേക്കും എത്തിയിരുന്നു.