ആർ.എസ്.എസ് ഗണഗീത വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി
തൃശൂർ: ബെംഗളൂരു–കൊച്ചി വന്ദേഭാരത് എക്സ്പ്രസിന്റെ കന്നിയാത്രയിൽ വിദ്യാർത്ഥികൾ ആർ.എസ്.എസ് ഗണഗീതം ആലപിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളെ തള്ളിക്കളഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
“വിവാദങ്ങളൊന്നും ശ്രദ്ധിക്കേണ്ടതില്ല. കുട്ടികൾ പാടിയത് തീവ്രവാദപരമായ ഗാനമല്ല. അത് അവരുടെ ആഘോഷത്തിന്റെ ഭാഗമായിരുന്നു.
നിഷ്കളങ്കമായിട്ടാണ് അവർ പാടിയത്, അപ്പോൾ അവർക്ക് തോന്നിയത് പാടി,” എന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ സ്ത്രീശക്തിക്ക് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്നത് പുതിയ വന്ദേഭാരത് സർവീസാണെന്നും ഇത് പെൺകുട്ടികൾക്കും യാത്ര ചെയ്യുന്ന സ്ത്രീകൾക്കും വലിയ ആശ്വാസമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രെയിനുകളുടെ എണ്ണം കൂട്ടാൻ കഴിയാത്തത് ട്രാക്കുകളുടെ പരിമിതിയാണ് കാരണം എന്നും പറഞ്ഞു.
തിരുവനന്തപുരത്തെ ലൈറ്റ് മെട്രോ പദ്ധതിയെ പിന്തുണച്ച് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
ജനങ്ങൾക്ക് വലിയ ഗുണം ചെയ്യുന്ന പദ്ധതി ആണിതെന്നും പ്രധാനമന്ത്രി, റെയിൽവേ മന്ത്രി, കേന്ദ്ര സർക്കാർ എന്നിവർ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂരിലെ മോഡേൺ കോളനി, പാടൂക്കാട് കോളനി എന്നിവിടങ്ങൾ സന്ദർശിച്ചപ്പോൾ അവിടെ താമസിക്കുന്നവർ നേരിടുന്ന ഗുരുതരമായ ജീവിതപ്രശ്നങ്ങളെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
“കഴിഞ്ഞ 70 വർഷമായി അവർ ദുരിതത്തിലാണ് ജീവിക്കുന്നത്. ഭരണകൂടങ്ങൾ മാറിമാറി വന്ന് ഇവരുടെ ദുരിതം പരിഹരിക്കാനുള്ള ശ്രമം നടത്തണം. നന്മ നൽകുന്നതിലാണ് നമുക്ക് സന്തോഷിക്കാനുള്ളത്,” സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
എറണാകുളം–കെ.എസ്.ആർ. ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനയാത്രയിൽ വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിക്കുന്ന വീഡിയോ ദക്ഷിണ റെയിൽവേ അവരുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വിവാദം തുടങ്ങിയത്.
വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് പോസ്റ്റ് നീക്കം ചെയ്തെങ്കിലും പിന്നീട് ‘ദേശഭക്തി ഗാനം’ എന്ന വിശദീകരണത്തോടെ വീണ്ടും പ്രസിദ്ധീകരിക്കുകയുണ്ടായി.
English Summary:
Union Minister Suresh Gopi rejected the controversy over students singing the RSS Ganageetham during the inaugural run of the Bengaluru–Kochi Vande Bharat Express, stating the song was sung innocently as part of their celebration. He said the new service would particularly benefit women and girl students. Gopi also backed the Thiruvananthapuram Light Metro project and highlighted the central government’s focus on infrastructure. During his visit to Thrissur colonies, he spoke about the residents’ decades-long hardships and urged political focus on public welfare instead of controversies.
Suresh Gopi, Vande Bharat, RSS Song, Controversy, Thrissur, Indian Railways, Bengaluru Kochi, Kerala News









