ന്യൂഡല്‍ഹി: ദൃശ്യമാധ്യമങ്ങളിലും സിനിമകളിലും ഭിന്നശേഷിക്കാരുടെ വൈകല്യത്തെ ഇക്കഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി. ഇത്തരം ചിത്രീകരണം നടത്തുന്നതിനെതിരെ സുപ്രീംകോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മടയന്‍, മുടന്തന്‍ തുടങ്ങിയ പദങ്ങള്‍ സിനിമയിലും മറ്റും ഉപയോഗിക്കുന്നത് സാമൂഹിക മാധ്യമത്തില്‍ തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.(Supreme Court with guidelines on portrayal of differently abled persons in visual media)
‘ആംഖ് മിച്ചോളി’ എന്ന ഹിന്ദി സിനിമയില്‍ ഭിന്നശേഷിക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടെന്ന് കാണിച്ച് നിപുണ്‍ മല്‍ഹോത്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഭിന്നശേഷിക്കാരുടെ ജീവിതത്തിലെ വിവിധ യാഥാര്‍ഥ്യങ്ങളെ ചിത്രീകരിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ ശ്രദ്ധിക്കണം. അവരുടെ വെല്ലുവിളികള്‍ മാത്രമല്ല വിജയങ്ങള്‍, കഴിവുകള്‍, സമൂഹത്തിനുള്ള സംഭാവനകള്‍ എന്നിവയും ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കെട്ടുകഥകള്‍ ചിത്രീകരിച്ച് അവരെ അപകീര്‍ത്തിപ്പെടുത്തരുതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു. സ്‌ക്രീനിംങിന് മുമ്പ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോഡി വിദഗ്ധരുടെ അഭിപ്രായം തേടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.