എഡ്‌ടെക് സ്ഥാപനമായ ബൈജൂസുമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഒത്തുതീർപ്പിന് അനുമതി നൽകിയ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിൻ്റെ ഉത്തരവ് സുപ്രീം കോടതി ബുധനാഴ്ച സ്റ്റേ ചെയ്തു. (Supreme Court stays settlement with Baijus and BCCI)
ബൈജൂസിന് വായ്പ നല്‍കിയ യുഎസ് ധനകാര്യ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.
ബൈജുവിൻ്റെ ഓപ്പറേഷൻ ക്രെഡിറ്ററായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോട്, ബൈജുവിൻ്റെ ഒരു യുഎസ് വായ്പക്കാരൻ്റെ അപ്പീൽ തീർപ്പാക്കുന്നതുവരെ സെറ്റിൽമെൻ്റ് തുകയായ 158 കോടി രൂപ പ്രത്യേക എസ്ക്രോ അക്കൗണ്ടിൽ നിക്ഷേപിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. എന്‍സിഎല്‍ടിയുടെ തീരുമാനം യുക്തി രഹിതമാണെന്നും കോടതി പറഞ്ഞു.
2019ൽ ബൈജൂസ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയിൽ ബ്രാൻഡിംഗ് ഉൾപ്പെടുത്തുന്നതിനായി ബിസിസിഐയുമായി കരാർ ഒപ്പു വച്ചിരുന്നു. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പ് തുകയില്‍ 158 കോടി രൂപ കുടിശ്ശിക വരുത്തിയെന്ന് കാണിച്ച് ബിസിസിഐ എന്‍സിഎല്‍എടിയെ സമീപിച്ചു. തുടർന്ന് പാപ്പരത്ത നടപടിക്ക് എന്‍സിഎല്‍എടി ഉത്തരവിട്ടു.
കമ്പനിയുടെ ഉത്തരവാദിത്വം ഡയറക്ടർ ബോർഡിൽ നിന്ന് എടുത്ത് മാറ്റി മറ്റൊരു റെസൊല്യൂഷൻ പ്രൊഫഷണലിനെ തൽക്കാലത്തേക്ക് ഏൽപിക്കുന്ന നടപടിയാണിത്. ഹര്‍ജിയില്‍ അടുത്ത വാദം ഓഗസ്റ്റ് 23ന് കേള്‍ക്കും.
ഒത്തുതീർപ്പിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഗ്ലാസ് ട്രസ്റ്റ് ഇൻക് സമർപ്പിച്ച അപ്പീലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുന്നത്. ബൈജുവിന് 8,000 കോടി രൂപയിലധികം കടമുണ്ടെന്നും ഒരു കടക്കാരൻ എന്ന നിലയിൽ തിരിച്ചടവിൽ മുൻഗണന നൽകണമെന്നും ഗ്ലാസ് ട്രസ്റ്റ് അവകാശപ്പെട്ടു.