നീറ്റ് ക്രമക്കേട് പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രീംകോടതി. പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് (എൻ.ടി.എ) സുപ്രീംകോടതി നോട്ടീസ് അയച്ചു. വിദ്യാർഥിനി ശിവാംഗി മിശ്രയുടെ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി അവധിക്കാല ബെഞ്ച് നോട്ടീസ് അയച്ചത്.(Supreme Court sent notice to testing agency over NEET exam irregularities)
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് -യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചർച്ചയാകുന്നത്.
നീറ്റ് ചോദ്യപേപ്പർ ചോർന്നുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് -യു.ജി പരീക്ഷ റദ്ദാക്കണമെന്നും വീണ്ടും പരീക്ഷ നടത്തണമെന്നുമാണ് ഹർജിയിലൂടെ ആവശ്യപ്പെട്ടത്.
ചോദ്യപേപ്പർ ചോർന്നുവെന്ന വിഷയത്തിൽ എൻ.ടി.എ കൃത്യമായി മറുപടി അനിവാര്യമാണെന്നും ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അസ്മാനുള്ള, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് മെഡിക്കൽ കൗൺസിലിങ് നടപടികൾ തടയാൻ സാധിക്കില്ലെന്നും വ്യക്തമാക്കി.
ജൂലൈ എട്ടിന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. മേയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയുടെ ഫലം ജൂൺ 14ന് വരാനിരിക്കേയാണ് ശിവാംഗി മിശ്ര ഉൾപ്പെടെ ഒരു സംഘം വിദ്യാർഥികൾ ഹരജി നൽകിയത്.