തിരുവനന്തപുരം: പൊതുജനങ്ങളുടെ അവശ്യ സാധനങ്ങളിലൊന്നായ പഞ്ചസാര സപ്ലൈകോയില്‍ കിട്ടാതെയായിട്ട് എട്ടുമാസം. സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചെങ്കിലും പഞ്ചസാരയും തുവരപ്പരിപ്പും ഇതുവരെ സ്റ്റോക്ക് എത്തിയിട്ടില്ല. കഴിഞ്ഞ ഓണക്കാലത്താണ് മാവേലി സ്റ്റോറുകളില്‍ അവസാനമായി പഞ്ചസാര എത്തിയത്. പഞ്ചസാര വാങ്ങാന്‍ മാവേലി സ്റ്റോറുകളിലെത്തുന്നവര്‍ എട്ടുമാസമായി നിരാശയാണ് ഫലം.
നേരത്തെ 22 രൂപയായിരുന്ന പഞ്ചസാര വില ഫെബ്രുവരിയില്‍ 27 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. 40 മുതല്‍ 45 രൂപ വരെയാണ് പഞ്ചസാരയുടെ വിപണി വില. സബ്‌സിഡി സാധനങ്ങളില്‍ ഏറ്റവും ആവശ്യക്കാരുള്ള ഇനം പഞ്ചസാരയാണ്. പഞ്ചസാര കിട്ടാതായതോടെ മാവേലി സ്റ്റോറുകളിലേക്കെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞെന്ന് സപ്ലൈകോ ജീവനക്കാര്‍ പറയുന്നു.
കുടിശ്ശിക മുടങ്ങിയതോടെ വിതരണക്കാര്‍ സപ്ലൈകോയ്ക്ക് പഞ്ചസാര നല്‍കുന്നില്ല. ഇതാണ് സപ്ലൈകോയിൽ പഞ്ചസാര കിട്ടാ കനിയായി മാറിയത്. 200 കോടി രൂപ അടിയന്തരമായി ലഭിക്കാതെ പ്രശ്‌നം പരിഹരിക്കാനാകില്ല എന്നാണ് പഞ്ചസാര പ്രശ്‌നത്തില്‍ ഭക്ഷ്യവകുപ്പിന്റെ നിലപാട്. അനുവദിക്കാന്‍ ഖജനാവില്‍ പണമില്ലെന്ന് ധനവകുപ്പും പറയുന്നു. സപ്ലൈക്കോയ്ക്ക് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ തൊഴിലാളി സംഘടന പ്രത്യക്ഷ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: തെരഞ്ഞെടുപ്പ് ചട്ട ലംഘനം; നടൻ അല്ലു അർജുനെതിരെ കേസെടുത്ത് പോലീസ്









