കട്ടപ്പന: കട്ടപ്പനയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ ബാങ്കിന് മുന്നിൽ ജീവനൊടുക്കിയ സംഭവത്തിൽ മൂന്നു ജീവനക്കാർക്ക് സസ്പെൻഷൻ.
സാബു തോമസ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മൂന്നു ജീവനക്കാരെ കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ബാങ്ക് സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയി തോമസ് എന്നിവർക്കെതിരെയാണ് നടപടി.
അതേസമയം, സസ്പെൻഷൻ നാടകമാണെന്ന്ന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. സിപിഎം ഭരിക്കുന്ന സഹകരണ സൊസൈറ്റി യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം.
സാബു തോമസിന്റെ ആത്മഹത്യ നടന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും കേസിൽ ആരോപണ വിധേയർക്കെതിരെ അന്വേഷണ സംഘം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ തയ്യാറായിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി കട്ടപ്പന റൂറൽ സഹകരണ സൊസൈറ്റി ജീവനക്കാരുടെ മൊഴിയെടുപ്പ് ഇപ്പോഴും പുരോഗമിക്കുകയാണ്. സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെ മൊഴിയും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.