തിരുവനന്തപുരം: കരമനയാറ്റിൽ നഷ്ടപ്പെട്ട സ്വർണമാല വിദ്യാർത്ഥിയ്ക്ക് മുങ്ങിയെടുത്തു നൽകി ഫയർ ഫോഴ്സ്. അരുവിക്കര ഡാമിന് താഴെ തടയണയിൽ കുളിക്കാനിറങ്ങിയ ഐടിഐ വിദ്യാർഥി സുബിന്റെ മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
സുബിനും സുഹൃത്തുക്കളും ചേർന്ന് കുളിക്കുന്നതിനിടെയാണ് സംഭവം. ഒരു പവനോളം വരുന്ന മാലയാണ് ആറ്റിൽ കാണാതായത്. തുടർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും മാല കിട്ടിയില്ല. ഒഴുക്കുണ്ടായിരുന്നതിനാൽ തിരച്ചിൽ കൂടുതൽ ദുഷ്കരമായി. പിന്നാലെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം യൂണിറ്റിൽ നിന്നും സ്കൂബാ ടീം എത്തിയാണ് തിരച്ചിൽ നടത്തിയത്. മുക്കാൽ മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് മാല കണ്ടെടുക്കാനായത്. എങ്ങനെ വിവരം വീട്ടിൽ പറയും എന്ന് കരുതി ആശങ്കയിലായിരുന്നു സുബിൻ.
തിരുവനന്തപുരം സ്കൂബാ ടീം അംഗങ്ങൾ സുഭാഷിന്‍റെ നേതൃത്വത്തിൽ ഡ്രൈവർമാരായ സുജയൻ, സന്തോഷ്, പ്രതോഷ്, വിഷ്ണുനാരായണൻ, രാഹുൽ എന്നിവർ ചേർന്നാണ് ഒഴുക്കുള്ള സ്ഥലത്തെ പരിശോധനയ്ക്കൊടുവിൽ മാല മുങ്ങിയെടുത്തു നൽകിയത്.