കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം
തൃശൂര്‍: ഫുട്‌ബോള്‍ കളിക്കിടെ ചരല്‍ തെറിപ്പിച്ചതിന് നാലാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മർദിച്ച് സ്കൂൾ വൈസ് പ്രിന്‍സിപ്പാള്‍. കുന്നംകുളം ആര്‍ത്താറ്റ് ഹോളി ക്രോസിലെ വിദ്യാര്‍ഥി ഏദന്‍ ജോസഫി(9)നാണ് മര്‍ദനമേറ്റത്. സഹപാഠികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ചരല്‍ തെറിപ്പിച്ചു എന്നാരോപിച്ച് വൈസ് പ്രിന്‍സിപ്പാള്‍ ഫാദര്‍ ഫെബിന്‍ കൂത്തൂര്‍ ആണ് മർദിച്ചത്.(Student was brutally beaten up by school vice principal)
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കുട്ടിയെ ചെവിയില്‍ പിടിച്ച് നൂറ് മീറ്ററോളം വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ചെന്നും തുടർന്ന് വടികൊണ്ട് ദേഹമാസകലം ക്രൂരമായി മര്‍ദിക്കുകയും കൈകളില്‍ നുള്ളി പരിക്കേല്‍പ്പിച്ചെന്നുമാണ് പരാതി. മര്‍ദനത്തെ തുടര്‍ന്ന് അവശനായ കുഞ്ഞിനെ വീട്ടുകാര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് ആശുപത്രി അധികൃതര്‍ കുന്നംകുളം പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ജുവനെയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.