ഇടുക്കി അണക്കരയിൽ അമ്മയുടെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള സന്ദർശനം ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂരമർദനം. സംഭവത്തിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിലായി. അണക്കര സ്വദേശി അജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇടക്കിടെയുള്ള അജിത്തിന്റെ വരവ് കുട്ടി ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇക്കാര്യത്തെ ചൊല്ലി അമ്മയുമായും തർക്കമുണ്ടായി. ഇതറിഞ്ഞ് വീട്ടിലെത്തിയ അജിത് ക്രൂരമായി മർദ്ദിച്ചു. ഇഷ്ടിക കൊണ്ട് എറിയുകയും കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭർത്താവിന്റെ മരണശേഷം പതിനാറുകാരന്റെ അമ്മയും ഇയാളും സുഹൃത്തുക്കളാകുകയായിരുന്നു.