കോഴിക്കോട്: പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം. കോഴിക്കോട് നാദാപുരത്ത് ആണ് സംഭവം. പ്ലസ് വൺ വിദ്യാർഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.
നാദാപുരം കടമേരി ആർഎസി എച്ച്എസ്എസിലാണ് ആൾമാറാട്ടം നടന്നത്. ഇൻവിജിലേറ്ററിന്റെയും പ്രിൻസിപ്പാളിന്റെയും ഇടപെടലിലാണ് സംഭവം അറിഞ്ഞത്. ഇന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിന്റെ ഇമ്പ്രൂവ്മെന്റ് പരീക്ഷ നടന്നിരുന്നു. ഈ പരീക്ഷയ്ക്കാണ് ബിരുദ വിദ്യാർത്ഥി എത്തിയത്.
എന്നാൽ സംശയം തോന്നിയ ഇൻവിജിലേറ്റർ ഹാൾ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പ്രിൻസിപ്പാളിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ആൾമാറാട്ടം നടന്നതായി വ്യക്തമായത്.
തുടർന്ന് ബിരുദ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആൾമാറാട്ടത്തിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത് വിദ്യാർത്ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ വിദ്യാർത്ഥിയെ കോടതിയിൽ ഹാജരാക്കും.