കോട്ടയം ജില്ലയിൽ മഴയ്ക്കൊപ്പമെത്തിയ കാറ്റിൽ വ്യാപക നാശനനഷ്ടം. കുമരകത്ത് ശക്തമായ കാറ്റിൽ രണ്ടാം കലുങ്കിനു സമീപം ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു. ബൈക്ക് യാത്രികൻ വാഹനത്തോടൊപ്പം റോഡിലേക്കും വീണു. ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റാണ് പ്രദേശത്ത് ഉണ്ടായത്. (Strong winds in Kottayam Kumarakam news)
അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 6.30 ഓടെ ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റാണ് കുമരകം ഭാഗത്ത് ഉണ്ടായത്. രണ്ടാം കലുങ്കിനു സമീപം റെജിയുടെ വീടിനു മുകളിലേക്ക് പരസ്യ ബോര്‍ഡ് വീണ് നാശനഷ്ടം ഉണ്ടായി. കാറ്റിൽ വീടുകളുടെയും സ്ഥാപനങ്ങളുടെയും ഷീറ്റ് മേല്‍ക്കൂര, വാട്ടര്‍ ടാങ്ക് അടക്കം നിലംപൊത്തി. വ്യാപക കൃഷിനാശവുമുണ്ടായി.
ശക്തമായ കാറ്റിൽ 60 ഓളം ഏത്തവാഴ ഉള്‍പ്പെടെയുള്ള കൃഷിയും ഒടിഞ്ഞു വീണ് നശിച്ചു. വാട്ടര്‍ ടാങ്ക് നിലത്ത് വീണു.
സമീപത്തെ തീര്‍ത്ഥം വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം ഓഫീസിന്റെ ചില്ലുകൾ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.