പാലക്കാട്: ട്രെയിനു നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് ഗുരുതര പരിക്ക്. കന്യാകുമാരി-ബാംഗ്ലൂര്‍ എക്സ്പ്രസിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയിലാണ് സംഭവം.
പാലക്കാട് ലക്കിടി റെയില്‍വെ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ട്രെയിനിന് നേരെ സാമൂഹ്യ വിരുദ്ധർ കല്ലെറിഞ്ഞത്. കളമശ്ശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരിക്കേറ്റത്. പരിക്കേറ്റ അക്ഷയെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിച്ചു.
റെയിൽവേ ഗേറ്റിൽ സ്വകാര്യ ബസ് ഡ്രൈവർമാരുടെ തർക്കം; വിവേക് എക്‌സ്‌പ്രസിന്റെ വഴി മുടങ്ങി
കാസർകോട്: റെയിൽവേ ഗേറ്റിൽ സ്വകാര്യ ബസ് ഡ്രൈവർമാരുടെ തർക്കത്തെ തുടർന്ന് ട്രെയിൻ പിടിച്ചിട്ടു. കാസർകോട് തൃക്കരിപ്പൂർ-പയ്യന്നൂർ റൂട്ടിൽ ബീരിച്ചേരി റെയിൽവെ ഗേറ്റിലാണ് സംഭവം നടന്നത്. മുഖാമുഖം വന്ന ബസുകൾ മാറ്റാതെ ഡ്രൈവർമാർ പരസ്‌പരം തർക്കിക്കുകയായിരുന്നു.
ബസ് ഡ്രൈവർമാരുടെ തർക്കം മൂലം മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്‌പ്രസാണ് പിടിച്ചിട്ടത്. ഇന്നലെ ഉച്ചയ്‌ക്ക് 12.30ഓടെയാണ് സംഭവം.
ചെറുവത്തൂർ ഭാഗത്ത് നിന്നും വന്ന സ്വകാര്യബസ് റെയിൽവേ ഗേറ്റ് കടക്കുന്നതിനിടെ മറുഭാഗത്ത് പയ്യന്നൂരിൽ നിന്ന് തൃക്കരിപ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിരേ വരികയായിരുന്നു.