പാലക്കാട്: മോഷ്ടിച്ച പശുവിന്റെ കയ്യും കാലും മുറിച്ചെടുത്ത് ഉപേക്ഷിച്ചു. പാലക്കാട് മണ്ണാർക്കാടാണ് അതിക്രൂരമായ സംഭവം നടന്നത്. തെങ്കര മെഴുകുംപാറ താണിപ്പറമ്പില്‍ പരുത്തിപ്പുള്ളി ജയപ്രകാശന്റെ പശുവിനെയാണ് മോഷ്ടിച്ചത്.
രണ്ടു വയസുള്ള പശുവിനെയാണ് മോഷ്ടാക്കള്‍ കൊന്ന് ഇറച്ചിയാക്കി കടത്തിയത്. തുടർന്ന് തലയും ഉടലുമുള്‍പ്പെടെ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള അരുവിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പോലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി.
വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയില്‍ കുന്തംപോലെയുള്ള ആയുധം കൊണ്ട് കുത്തികൊന്നശേഷമാണ് കൈകാലുകള്‍ മുറിച്ചെടുത്തിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. രാത്രിയിൽ തൊഴുത്തിൽ നിന്ന് മോഷ്ടിച്ചു കൊണ്ടുപോയ പശുവിനെ അവിടെ വച്ച് തന്നെ കൊന്ന് ഇറച്ചി കൊണ്ട് പോയെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആടുമാടുകളെ മോഷ്‌ടിച്ച് ഇറച്ചി കച്ചവടക്കാർക്ക് വിതരണം ചെയ്യുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ചിലരെ ഇതിനോടകം ചോദ്യം ചെയ്തതായും മണ്ണാർക്കാട് പൊലീസ് പറഞ്ഞു.