തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഇന്നും കോടതിയിൽ ഹാജരായില്ല. ജോലി തിരക്കുള്ളതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്ന് പ്രതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതോടെ കുറ്റപത്രം വായിക്കുന്നതിന് തിരുവനന്തപുരം ഒന്നാം അഡീ.സെഷൻസ് കോടതി മാറ്റിവച്ചു.(sriram venkitaraman did not appear in court today)
ആഗസ്റ്റ് 16 ലേക്കാണ് കേസ് മാറ്റിയത്. തനിക്കെതിരായ കുറ്റം ചുമത്തൽ സംബന്ധിച്ച് വാദം ബോധിപ്പിക്കാൻ സമയം തേടിയിരുന്നു. ഇതേ തുടർന്ന് വ്യാഴാഴ്ച വരെയാണ് ശ്രീറാമിന് നേരത്തേ കോടതി സമയം അനുവദിച്ചത്. കഴിഞ്ഞ ജൂൺ ആറിന് കേസ് പരിഗണിച്ചപ്പോഴാണ് വ്യാഴാഴ്ച ഹാജരായി വാദം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടത്.
സംഭവം നടന്ന് അഞ്ച് വർഷം കഴിഞ്ഞെങ്കിലും കേസിൽ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. കേസിൽ ശ്രീറാം വെങ്കിട്ടരാമൻ മാത്രമാണ് പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ടത്.
Read Also: ആലുവയിലെ സംരക്ഷണ കേന്ദ്രത്തിൽനിന്ന് കാണാതായ ആ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി