ഡൽഹി: കോൺഗ്രസ് മുതിർന്ന നേതാവ് സോണിയാ ഗാന്ധി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് സോണിയാ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രാജസ്ഥാനിൽ നിന്നാണ് സോണിയാ ഗാന്ധി രാജ്യസഭയിലെത്തുന്നത്. ഇതുവരെ ആറ് തവണ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച സോണിയ ഇതാദ്യമായാണ് രാജ്യസഭാംഗമാകുന്നത്.
അനാരോഗ്യം കാരണമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് സോണിയ ഗാന്ധി അറിയിച്ചിരുന്നു. തുടർച്ചയായി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് ലോക്സഭയിലെത്തിയിരുന്ന സോണിയ, മണ്ഡലത്തിൽ നിന്ന് ഇനി മത്സരിക്കുന്നില്ലെന്ന തീരുമാനത്തിനൊപ്പം ഹൃദയസ്പർശിയായ കുറിപ്പ് കൂടി പങ്കുവച്ചിരുന്നു.
‘പ്രായാധിക്യവും അനാരോഗ്യവും മൂലമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. തീരുമാനത്തിന് ശേഷം നേരിട്ട് എനിക്ക് നിങ്ങളെ സേവിക്കാനാവില്ല. പക്ഷേ എന്റെ ഹൃദയവും ആത്മാവും റായ്ബറേലിക്കൊപ്പമാണ്. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നതിന് നന്ദി. റായ്ബറേലിയുമായി കുടുംബത്തിനുള്ള ബന്ധം ആഴത്തിലുള്ളതാണ്.’ സോണിയാഗാന്ധി കുറിച്ചു. അതേസമയം മകളും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ റായ്ബറേലിയിൽ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.
Read Also: 23 മുതൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ല; തീരുമാനം കടുപ്പിച്ച് ഫിയോക്ക്