കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്. ചേലാമറ്റം തെക്കുംതല വീട്ടില്‍ ജോണി(67) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മെല്‍ജോയെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
അസുഖബാധിതനായ ജോണി കുറച്ചു കാലങ്ങളായി കിടപ്പിലായിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതരയോടെ സഹോദരിയുടെ വീട്ടിലെത്തി മെല്‍ജോ അച്ഛന് അനക്കമില്ലെന്ന് പറഞ്ഞു. ഉടൻ തന്നെ സഹോദരി വീട്ടിലെത്തി പിതാവിനെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
തുടർന്ന് ഇന്നു രാവിലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിൽ ജോണിയുടെ രണ്ട് വാരിയെല്ലുകള്‍ക്കും ഒടിവ് സംഭവിച്ചതായി കണ്ടെത്തുകയായിരുന്നു. പിന്നാലെ പൊലീസ് മെല്‍ജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. മദ്യലഹരിയില്‍ താന്‍ പിതാവിനെ ചവിട്ടിയതായി മേൽജോ പൊലീസിനോട് സമ്മതിച്ചു.
പിന്നാലെ ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.