ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. കിഷ്ത്വാര്‍ ജില്ലയിലെ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വെടിവെപ്പിൽ പരിക്കേറ്റ സൈനികൻ ചികിത്സയിലായിരുന്നു.
മേഖലയിൽ ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. സൈന്യവും ജമ്മു കശ്‌മീര്‍ പൊലീസും സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തിയത്. കിഷ്ത്വാര്‍ ജില്ല മുഴുവന്‍ ജമ്മു പൊലീസും സൈന്യവും വളഞ്ഞിരിക്കുകയാണ്.
നാല് ഭീകരർ പ്രദേശത്ത് കുടുങ്ങിക്കിടപ്പുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്. ഇടതൂർന്ന വനപ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്.
ഏപ്രിലിലും ഈ പ്രദേശത്ത് ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നിരുന്നു. അന്നു മൂന്നു ഭീകരരെയാണ് വധിച്ചിരുന്നത്. മേയ് 13ന് ഷോപിയാനിലെ കെല്ലർ പ്രദേശത്തും മേയ് 15 ന് പുൽവാമയിലെ നാദർ പ്രദേശത്തുമുണ്ടായ ഏറ്റുമുട്ടലിൽ ആറ് ഭീകരരെ വധിച്ചിരുന്നു.
സിന്ദൂരം വെടിമരുന്നായി, മായ്ക്കാൻ ഇറങ്ങിയവരെ മണ്ണിൽ കുഴിച്ചുമൂടി, ഇത് ശക്തമായ ഇന്ത്യയുടെ രൗദ്ര രൂപമാണ്: മോദി
ന്യൂഡൽഹി: സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ മണ്ണിൽ ലയിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് 22 മിനിറ്റിനുള്ളിൽ ഇന്ത്യ തിരിച്ചടി നൽകിയെന്ന് പറഞ്ഞ പ്രധാനമന്ത്രി പാക് ഭീകര സംഘടനകളുമായി ബന്ധമുള്ള ഏകദേശം 100 ഭീകരരെ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇല്ലാതാക്കിയെന്നും വെളിപ്പെടുത്തി.
സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷിയായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ വിവരിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും നിരവധി സ്ഥലങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാനെതിരെ നടത്തിയ പ്രതികാര സൈനിക ആക്രമണമായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്നും പ്രധാനമന്ത്രി പറഞ്ഞു.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 ന് ഇന്ത്യ തിരിച്ചടിയായി ഇന്ത്യയുടെ സൈനിക നടപടി ആരംഭിച്ചു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുള്ള ഏകദേശം 100 ഭീകരരെ ഈ ഓപ്പറേഷനിൽ ഇല്ലാതാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്റെ സിരകളിൽ ഓടുന്നത് രക്തമല്ല, സിന്ദൂരമാണ്. സിന്ദൂരം മായ്ക്കാൻ ഇറങ്ങിയവരെ ഈ മണ്ണിൽ തന്നെ കുഴിച്ചുമൂടി. ഇന്ത്യയിൽ രക്തച്ചൊരിച്ചിൽ നടത്തിയതിന് കണക്കുകൾ തീർത്തു. ഇന്ത്യ നിശബ്ദമായിരിക്കുമെന്ന് കരുതിയവർ ഇന്ന് വീടുകളിൽ ഒളിച്ചിരിക്കുകയാണ്.