ലഡാക്ക് കലാപം; സോനം വാങ് ചുക് അറസ്റ്റിൽ
ലേ: ലഡാക്കിലെ കലാപത്തിൽ സാമൂഹിക പ്രവർത്തകൻ സോനം വാങ് ചുകിനെ അറസ്റ്റ് ചെയ്തു. പ്രകോപന പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ലഡാക് പൊലീസാണ് അറസ്റ്റ് ചെയ്തത്. ലേയിൽ വച്ചാണ് ഇദ്ദേഹം അറസ്റ്റിലായത്.
പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ സോനം വാങ് ചുകിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
ലഡാക്കിലെ പ്രക്ഷോഭം നടന്ന് രണ്ട് ദിവസത്തിന് ശേഷം സോനം വാങ് ചുകിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രക്ഷോഭത്തിന് കാരണമായത് സോനം വാങ് ചുകിന്റെ പ്രസംഗങ്ങളാണെന്ന് ലഡാക്ക് ഭരണകൂടവും കേന്ദ്രസർക്കാരും ആരോപണം ഉയർത്തിയിരുന്നു.
സോനം വാങ് ചുകിന്റെ പ്രസംഗങ്ങളാണ് യുവാക്കളെയും ലഡാക്കിലെ ജനങ്ങളെയും പ്രകോപിപ്പിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയത്.
സോനം വാങ്ചുക്കിന്റെ എൻ.ജി.ഒക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കിയിരുന്നു. എൻ.ജി.ഒയുടെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കുകയും ചെയ്തിരുന്നു.
ലഡാക്കിൽ പ്രതിഷേധമിരമ്പുന്നു; നാലുപേർ കൊല്ലപ്പെട്ടു
ലേ: സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ പ്രതിഷേധം കനക്കുന്നു. സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടതായാണ് വിവരം.
70 പേര്‍ക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലേയിൽ നടന്ന പ്രതിഷേധത്തിൽ ലേ അപെക്സ് ബോഡിയുടെ യുവജന വിഭാഗം ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും ബിജെപി ഓഫീസ് കത്തിക്കുകയും ചെയ്തതോടെ പ്രതിഷേധം കൂടുതൽ രൂക്ഷമാകുകയായിരുന്നു.
അതേസമയം സംഘർഷം രൂക്ഷമായതിനെ തുടർന്ന് ലേ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നതും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയതതിന് പിന്നാലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക് തന്റെ നിരാഹാര സമരം അവസാനിപ്പിച്ചു. അക്രമത്തിലൂടെ ഒന്നും നേടാനാകില്ലെന്നും സോനം വാങ്ചുക് പ്രതികരിച്ചു.
എല്ലാവരും സമാധാനം പാലിക്കണമെന്നും അക്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം യുവാക്കളോട് എക്‌സിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കിൽ പ്രതിഷേധം ശക്തമാണ്. സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സോനം വാങ്ചുക്ക് കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരം നടത്തുന്നത്.
ഈ സമരത്തിന് പിന്തുണയേകാനായി യുവജനങ്ങൾ തെരുവിലിറങ്ങുകയായിരുന്നു.അതേസമയം കാർഗിൽ ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവ് സജാദ് കാർഗിലി , ലേയിലെ സംഭവവികാസങ്ങളെ നിർഭാഗ്യകരം എന്നാണ് വിശേഷിപ്പിച്ചത്.
സർക്കാരിൻ്റെ പരാജയപ്പെട്ട കേന്ദ്രഭരണ പ്രദേശ പരീക്ഷണമാണ് ഒരു കാലത്ത് സമാധാനപരമായിരുന്ന ലഡാക്കിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം എക്സിൽ ചൂണ്ടിക്കാട്ടി.
ചർച്ചകൾ പുനഃരാരംഭിച്ച് വിവേകത്തോടെ പ്രവർത്തിക്കണമെന്നും ലഡാക്കിന്റെ സംസ്ഥാന പദവി, ആറാം ഷെഡ്യൂൾ എന്നീ ആവശ്യങ്ങൾ കാലതാമസം കൂടാതെ നിറവേറ്റണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
സമാധാനം പാലിക്കാനും സ്ഥിരതയോടെ നിലകൊള്ളണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
Summary: Social activist Sonam Wangchuk was arrested in Ladakh for allegedly delivering a provocative speech. Police took him into custody following the recent unrest in the region.









