തൊടുപുഴ: അംഗനവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ, സ്കൂൾ കുട്ടികൾക്ക് ലാപ്ടോപ്പ്, മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം, അങ്ങനെ ഒരു നാട്ടിലെ മുഴുവൻ വിദ്യാർഥികൾക്കും ഗുണം ചെയ്യുന്ന പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയായി ഹൊറൈസൺ ഗ്രൂപ്പ്.
കല്ലൂർകാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ കുട്ടികളുടേയും ശോഭനമായ ഭാവിക്കു വേണ്ടി പഞ്ചായത്തിനൊപ്പം ഭാഗഭാക്കാകുകയായിരുന്നു ഹൊറൈസൺ ഗ്രൂപ്പ് എം.ഡി എബിൻ എസ് കണ്ണിക്കാട്ട്. പാവപ്പെട്ട വിദ്യാർഥികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കണമെന്ന ആശയം എബിൻ്റെ മനസ്സിൽ കയറിക്കൂടിയിട്ട് നാളുകളേറെയായിരുന്നു. അങ്ങനെയാണ് കല്ലൂർകാട് പഞ്ചായത്ത് അധികൃതരുമായി കൈകോർത്തത്.

പിന്നീട്അംഗനവാടികൾ മുതൽ സ്കൂൾ തലം വരെ എന്തൊക്കെ വികസനം വരണമെന്ന് പഠിച്ചു. പഞ്ചയത്തിലെ അംഗനവാടികളുടെ ചുമരുകളിൽ വർണം ചാലിച്ച് മനോഹരമാക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് ആ കുരുന്നുകൾക്ക് കൈനിറയെ കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും സമ്മാനിച്ചു. സ്ക്കൂളുകൾക്കായി പതിനഞ്ചോളം ലാപ് ടോപ്പുകളും നൽകി.

തൻ്റെ സ്ഥാപനം പച്ച പിടിക്കുന്നതിനൊപ്പം നാടും നന്നാവണം എന്നാണ് എബിൻ്റെ പോളിസി. അത് മനോഹരമായി പ്രാവർത്തികമാക്കുകയും ചെയ്തു. ഇത് ഏറെ ഗുണം ചെയ്തത് കല്ലൂർകാട് പഞ്ചായത്തിലെ പാവപ്പെട്ട വിദ്യാർഥികൾക്കാണ്.
വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം പിറ്റേ ദിവസം ദിവസം തിരിച്ചു വന്ന ആളാണ് എബിൻ. വേണമെങ്കിൽ എബിന് അവിടെ നിൽക്കാമായിരുന്നു. എന്നാൽ നാട്ടിൽ വന്ന് ജോലി ചെയ്യണം നാടിൻ്റെ വികസന പ്രവർത്തനങ്ങളിൽ ഭാഗമാകണം എന്നതായിരുന്നു എബിൻ്റെ ആഗ്രഹം.

കല്ലൂർകാട് കാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. പഞ്ചായത്തിലെ സ്കൂൾ അംഗനവാടികളുടെ നവീകരണ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

ഹൊറൈസൺ ഗ്രൂപ്പിൻ്റേത് മാതൃകാപരമായ ഇടപെടലാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. വിദ്യാർഥികളുടെ ഉന്നമനം ലക്ഷ്യമിട്ട് അംഗനവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ, ചുമർചിത്രങ്ങൾ സ്കൂൾ കുട്ടികൾക്ക് ബോർഡുകൾ, ലാപ് ടോപ്പ് എന്നിവയെല്ലാം നൽകിയത് മറ്റുള്ളവരും മാതൃകയാക്കണമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
സ്വയം വളർന്നാൽ പോരാ നമ്മളോടൊപ്പം നമ്മുടെ ചുറ്റുപാടുകളും വളരണമെന്ന എബിൻ്റെ ആശയം മാതൃകയാക്കണമെന്നാണ് പഞ്ചായത്ത് അധികൃതരും പറഞ്ഞത്.

കല്ലൂർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുജിത്ത് ബേബി, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാധാകൃഷ്ണൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഡെൽസി ലൂക്കാച്ചൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജിബി എ.കെ, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിവാഗോ തോമസ്, വാർഡ് മെമ്പർമാരായ സുമിത സാബു, ജോർജ് ഫ്രാൻസീസ് തെക്കേക്കര, ലാലി സ്റ്റൈബി, അനിൽ കെ മോഹനൻ, സീമോൾ, ഷൈനി ജെയിംസ്, ബാബു മനയ്ക്കപറമ്പിൽ, പ്രേമലത, കല്ലൂർകാട് പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി സിബി കൊന്താലം എന്നിവർ സംസാരിച്ചു.